പമ്പയിലെ മണലൂറ്റ് വിജിലന്‍സ് അന്വേഷിക്കും; കോടതി വിധി സര്‍ക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നേട്ടം; മണലെടുക്കാന്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയതിന് പിന്നിലെ രഹസ്യം പുറത്ത് വരുമോ?

വിവാദമായി പമ്പ മണലെടുപ്പ് ഇനി വിജിലന്‍സ് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇനി വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കായി കേരളത്തിന് കാത്തിരിക്കുന്നു. പമ്പ മണലെടുപ്പില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലന്‍സിന് കത്തയച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ രണ്ട് ദിവസത്തെ വാദം കേട്ടശേഷമാണ് ബുധനാഴ്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2018 ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തുകയ്ക്ക് മറച്ചുവില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുന്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറില്‍ പമ്പയിലെത്തിയതും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മണലെടുപ്പിനുള്ള പത്തനംതിട്ട കളക്ടറുടെ വിവാദ ഉത്തരവിലും നേരത്തെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പമ്പയില്‍ അടിഞ്ഞ് കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കേരളാ ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് കമ്പനിയെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത് എന്നാല്‍ ദേവസ്വത്തിന്റെ പരിധിയില്‍ വരുന്നതല്ല പമ്പയില്‍ മണല്‍ അടിഞ്ഞുകൂടിയ ഭൂരിഭാഗം തീരവും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ ഉള്‍പ്പെടുന്ന വനഭൂമിയില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ ദേവസ്വത്തിന് അധികാരമില്ലെന്നിരിക്കെ പ്രത്യേക ഉത്തരവ് ഇറക്കിയത് ദുരൂഹമാണ്. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ പിന്നീട് ഇറക്കിയ ഉത്തരവില്‍ അവശിഷ്ടങ്ങള്‍ പമ്പാതടത്തില്‍ നിന്ന് നീക്കണമെന്ന് മാത്രമാണുള്ളത്. നിലക്കലിലേക്കോ, സമീപസ്ഥലങ്ങളിലേക്കോ അവശിഷ്ടം മാറ്റാമെന്നിരിക്കെ മണല്‍ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്കാണ്. മണല്‍ നീക്കുന്ന കേരളാ ക്ലേയ്‌സിന് ആകട്ടെ ഈ രംഗത്ത് മുന്‍ പരിചയവുമില്ല. അവശിഷ്ടം നീക്കുന്നതിന്റെ മറവില്‍ പമ്പയിലെ കോടികള്‍ വിലമതിക്കുന്ന മണല്‍ ശേഖരം രണ്ട് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കടത്താന്‍ സൗകര്യം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയും മുന്‍പ് ടോം ജോസ് ഹെലികോപ്റ്ററില്‍ എത്തി ഈ വിഷയത്തില്‍ യോഗം വിളിച്ചതും വിവാദമായി. വനംവകുപ്പിന്റെ കീഴില്‍ വരുന്ന വിഷയമായിട്ടും ജില്ലയില്‍ നടത്തിയ യോഗം മന്ത്രി കെ രാജു അറിഞ്ഞില്ല. മണല്‍ നീക്കുന്നത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന ഉത്തരവുകളിലും വൈരുധ്യങ്ങള്‍ ഏറെയാണ്. വിവാദമായതോടെ വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിനെ തുടര്‍ന്ന് പമ്പയില്‍ നിന്നുള്ള മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























