സ്വപ്ന മാറ്റിവച്ചത്... സ്വപ്ന സുരേഷിന് പിന്നാലെ വന്ന മയക്ക് മരുന്ന് കേസില്‍ തട്ടി കേരളം ചര്‍ച്ച കൊഴുക്കുന്നു; മയക്ക് മരുന്ന് കേസിലെ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള അടുത്ത ബന്ധം തുറന്ന് പറഞ്ഞ ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും; അന്വേഷണം ഹവാല ബിനാമി ഇടപാടുകളില്‍; സംസ്ഥാനത്ത് ഇന്നത്തെ ദിവസം അതി നിര്‍ണായകം

സ്വപ്ന സുരേഷ് തുടങ്ങി വച്ച വാര്‍ത്താ പ്രാധാന്യം ഇന്ന് മുതല്‍ മറ്റൊരു ദിശയിലേക്ക് പോകുകയാണ്. സ്വര്‍ണക്കടത്തില്‍ നിന്നും മയക്കു മരുന്ന് കടത്തിലേക്ക് ചര്‍ച്ചകള്‍ മാറുമ്പോള്‍ കേരളം തെരഞ്ഞെടുപ്പ് ചൂടിലുമാണ്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ വലിയ തെളിവൊന്നും കിട്ടാതായപ്പോള്‍ ആറിയ പടക്കം പോലെയായി. പിന്നീടാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള മയക്കു മരുന്ന് സംഘം മല പോലെ വരുന്നത്. അതില്‍ പിടിയിലായ അനൂപ് മുഹമ്മദിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധമാണ് വെട്ടിലാക്കിയത്. ഇത് ബിനീഷ് തുറന്ന് പറഞ്ഞതോടെ ചര്‍ച്ചയായി. അതേസമയം മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടിലാണ് പിതാവായ കോടിയേരി ബാലകൃഷ്ണന്‍. തൂക്കിക്കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ ഇടപെടില്ലെന്നാണ് പറഞ്ഞത്.
എന്തായാലും രാഷ്ട്രീയ കേരളത്തിന് അതി നിര്‍ണായകമായ ദിവസമാണിന്ന്. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യംചെയ്യും. ഹവാല ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യംചെയ്യല്‍. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി. അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം.
2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
അതിനിടെ, മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇതോടെ ബിനീഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്‌ലീഗും ബിജെപിയും അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. കള്ളക്കടത്ത്‌സംഘം ഫണ്ടിനായി ബംഗ്ലൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്.
സ്വര്‍ണകള്ളക്കടത്ത് കേസിന്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയ കെടി റമീസാണ് മുഹമ്മദ് അനൂപുമായി ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് എന്തെങ്കിലും പങ്കുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.
ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. ഈ കമ്പനികള്‍ അനധികൃത ഇടപാടിന് മറയാക്കിയോ എന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. ഇന്ന് നടക്കുന്ന ചോദ്യം ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ബിനീഷ് കോടിയേരിയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടും. അന്വേഷണത്തിന് മേല്‍ നടപടിയുണ്ടായാല്‍ കേരളം ഞെട്ടുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha