യാത്രക്കാരില്ലെന്ന കാരണം കാട്ടി ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി

കേരളത്തില്‍ ഓടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് റെയില്‍വേ റദ്ദാക്കി. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷലുകളും തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷലുമാണ് ഈ മാസം 12 മുതല്‍ റദ്ദാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ സംഘടനകള്‍ പറയുന്നത് സ്റ്റോപ്പുകള്‍ കുറച്ചതാണ് യാത്രക്കാരില്ലാത്തതിന്റെ പ്രധാന കാരണമെന്നാണ്.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ട്രെയിനില്‍ ആളുണ്ടാകും. തിരുവനന്തപുരം എറണാകുളം വേണാട് ഇപ്പോള്‍ മടക്ക യാത്രയില്‍ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥര്‍ക്കും ദിവസ ജോലിക്കാര്‍ക്കും വൈകിട്ടു മടങ്ങാന്‍ ട്രെയിനില്ലാത്ത സ്ഥിതിയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി സ്റ്റോപ്പുകള്‍ നിജപ്പെടുത്തിയതും ഒരു മണിക്കൂര്‍ മുന്‍പു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.
രാവിലെ ജനശതാബ്ദിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ സ്റ്റേഷനിലെത്താന്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും വാഹന സൗകര്യം ലഭ്യമല്ലെന്ന കാര്യം അധികൃതര്‍ മനസ്സിലാക്കുന്നില്ലെന്നും യാത്രക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. പ്രധാന ടൗണുകളിലെങ്കിലും സ്റ്റോപ്പുകള്‍ നല്‍കി കേരളത്തിനുളളില്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു.
റെയില്‍വേ സ്ഥിരം സര്‍വീസുകള്‍ പുനസ്ഥാപിക്കാത്തതു മൂലം ദുരിതത്തിലായിരിക്കുന്നതു കൊച്ചി നഗരത്തില്‍ ജോലിക്കെത്തുന്ന ആയിരങ്ങളാണ്. കോവിഡ് മൂലം പല സ്ഥാപനങ്ങളും ശമ്പളം കുറയ്ക്കുകയും കൂടി ചെയ്തതോടെ കുടുംബ ബജറ്റുകള്‍ താളം തെറ്റി. ട്രെയിനില്ലാതായതോടെ വാടക ടൂറിസ്റ്റ് ബസ്, കാറുകള്‍ എന്നിവയിലും ഇരുചക്ര വാഹനങ്ങളിലുമാണു ഇവരുടെ യാത്ര. ട്രെയിനില്‍ ഒരു മാസം യാത്ര ചെയ്യാന്‍ സീസണ്‍ ടിക്കറ്റിനു 200 രൂപ മാത്രം ചെലവായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3000 രൂപയോളം വേണ്ടി വരുന്നു. രാവിലെ 7-ന് സ്‌കൂട്ടറുകളില്‍ ജോലി സ്ഥലത്തേക്കു തിരിക്കുന്നവരുമുണ്ട്. ഷെയറിട്ട് കാറില്‍ പോകുന്നവരും ഉണ്ട്.
ഷൊര്‍ണൂരില്‍ നിന്നു എറണാകുളത്തേക്കു രാവിലെയും വൈകിട്ടും പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന എക്‌സ്പ്രസ് ട്രെയിനെങ്കിലും ഓടിക്കാന്‍ റെയില്‍വേ തയാറാകണമെന്നും ഇതിനായി ജനപ്രതിനിധികള്‍ ഇടപെടണമെന്നും യാത്രക്കാര്‍ പറഞ്ഞു. കോട്ടയം, കൊല്ലം, ആലപ്പുഴ ഭാഗത്തു നിന്നുളള യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. വൈകിട്ട് എറണാകുളത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോകാന്‍ ഒരു ട്രെയിന്‍ പോലുമില്ലാത്ത സ്ഥിതിയാണെന്നു ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ മാന്‍വട്ടം പറഞ്ഞു. ടിക്കറ്റ് റിസര്‍വ് ചെയ്തു യാത്ര ചെയ്യാനും തങ്ങള്‍ തയാറാണെന്നു യാത്രക്കാര്‍ പറയുന്നു
https://www.facebook.com/Malayalivartha