ഈ കളി അതുക്കുംമേലെ... പണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ പാര്‍ട്ടി ഓഫീസില്‍ കയറി തല്ലിയ യതീഷ് ചന്ദ്രയുടെ സമാന രൂപം കണ്ണൂരില്‍ തെളിയുന്നു; ശബരിമലയിലെ യതീഷ് ചന്ദ്രയുടെ ധീര നിലപാടോടെ പഴയത് മറന്ന് കൈയ്യടിച്ച സഖാക്കള്‍ക്ക് കണ്ണൂര്‍ തട്ടകത്തില്‍ തന്നെ പണി കിട്ടുന്നു; അമ്മമാരുടെ കണ്ണീരിനറുതി വരുത്താനായി കടുത്ത നീക്കത്തില്‍ യതീഷ് ചന്ദ്ര

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവ പോലീസ് ഓഫീസറാണ് യതീഷ് ചന്ദ്ര. പോലീസ് ഓഫീസറെന്ന നിലയില്‍ തന്റെ റോള്‍ ഭംഗീയായി നിര്‍വഹിക്കുന്ന ആള്‍. മുഖം നോക്കാതെ നടപടിയെടുത്ത് ഹീറോയാകുന്ന യതീഷ് ചന്ദ്രയുടെ മുഖം പലവട്ടം കേരളം കണ്ടതാണ്. പണ്ടൊരു ഹര്‍ത്താല്‍ സമയത്ത് പോലീസിനെ കല്ലെറിഞ്ഞവരെ പാര്‍ട്ടി ഓഫീസില്‍ കയറി പിടിച്ചിറക്കിയ ആളാണ് യതീഷ് ചന്ദ്ര. അതോടെ സഖാക്കളുടെ കണ്ണിലെ കരടായ യതീഷ് ചന്ദ്ര അവരുടെ ഇഷ്ടക്കാരനായി മാറിയത് ശബരിമല പ്രക്ഷോപത്തോടെയാണ്. കെ. സരേന്ദ്രനെ അറസ്റ്റ് ചെയ്ത യതീഷ് ചന്ദ്ര ഭക്തരുടെ തീരാത്ത പ്രതിഷേധത്തിന് പാത്രമായി. അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടുള്ള തര്‍ക്കവും മലയാളികള്‍ കണ്ടതാണ്. അപ്പോള്‍ പൊട്ടിച്ചിരിച്ച സഖാക്കളുടെ ചിരി മാറുകയാണ് അതും കണ്ണൂരില്‍.
കതിരൂര്‍ സ്‌ഫോടന കേസന്വേഷിക്കുന്ന കണ്ണൂര്‍ എസ്.പി കൂടിയായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂര്‍ ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ നീരീക്ഷണത്തിലായ സാഹചര്യത്തില്‍ പ്രതിരോധവുമായി സി.പി.എം. ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ അടക്കം ഈ വിഷയത്തില്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ എസ്.പി. യതീഷ് ചന്ദ്ര ഇതിനുവഴങ്ങാതെ മുന്നോട്ടുപോകുകയാണ്.
സ്‌ഫോടനം നടന്ന കതിരൂരില്‍ അടക്കം പോലീസ് റെയ്ഡും നടത്തിവരികയാണ്. ഇതിനിടെ അന്വേഷ ഉദ്യോഗസ്ഥനെ ജില്ലയിലെ ഭരണകക്ഷി നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായും സൂചനയുണ്ട്. സ്‌ഫോടനസ്ഥലത്തുനിന്ന് ലഭിച്ച മൊെബെല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയ ക്രമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചു.
ജില്ലയില്‍ ബോംബ് നിര്‍മാണത്തിനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി ക്രിമിനല്‍ കേസ് പ്രതികളുടെ പ്രത്യേക സംഘമുണ്ടെന്നാണ് പോലീസ് പറയുന്നത്. കതിരൂര്‍ പൊന്ന്യത്തെ കേന്ദ്രത്തില്‍ ദീര്‍ഘനാളായി ബോംബുകള്‍ നിര്‍മിച്ചു വരികയാണ്. ഇവിടെ നിര്‍മിച്ച നൂറിലധികം ബോംബുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പോലീസിന് വിവരം ലഭിച്ചു. നിര്‍മാണത്തിനിടെ ബോംബുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റ് രണ്ടുപേരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരില്‍ പലയിടത്തും അക്രമങ്ങള്‍ നടന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് ബോംബിടലും അടിച്ചുതകര്‍ക്കലും പതിവായി. കഴിഞ്ഞദിവസങ്ങളില്‍ അക്രമം നടന്ന സ്ഥലങ്ങളിലെ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ച് പാര്‍ട്ടി ഓഫീസുകളും സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്ത കേസുകളിലെ പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി സ്‌റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയായി കണ്ണൂരില്‍ അക്രമങ്ങള്‍ പലയിടത്തും നടന്നിരുന്നു. 10 വര്‍ഷത്തിനിടെ രാഷ്ട്രീയ അക്രമങ്ങളില്‍ പങ്കാളികളായ ആളുകളുടെ പട്ടികയെടുത്ത് അവരെ നിരന്തരം നിരീക്ഷിക്കാനാണ് തീരുമാനം.
നേരത്തെ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. 10 വര്‍ഷത്തിനിടെ രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതികളായവരുടെ പട്ടിക അതത് പോലീസ് സ്‌റ്റേഷനുകള്‍ തയാറാക്കും. അവരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അനാവശ്യമായി വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കും. കോവിഡ് പ്രതിരോധത്തിന്റെ മാതൃകയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോലീസുകാര്‍ വീടുകളിലെത്തി ഇവരെ നിരീക്ഷിക്കും. കേസുകളില്‍ ഉള്‍പ്പെട്ടു ജാമ്യത്തില്‍ കഴിയുന്നവര്‍ വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ് കണ്ണൂരിലെ അക്രമം മോഹിക്കുന്നവര്‍. എന്നാല്‍ യതീഷ് ചന്ദ്രയാകട്ടെ ഒരിഞ്ച് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല.
"
https://www.facebook.com/Malayalivartha