തമിഴ്നാട് സ്വദേശി 92 വയസുകാരിയെ കഴുത്തറുത്ത് കൊന്നത് ജയിലില്‍ പോകാനെന്ന് പോലീസിനോട് ഏറ്റുപറഞ്ഞു

കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92)യെ കഴുത്തറുത്ത് കൊന്ന തമിഴ്നാട് സ്വദേശി പോലീസില്‍ കീഴടങ്ങി. ഇവരുടെ സഹായിയായി നിന്നിരുന്ന മയില്‍സാമിയാ(62)ണ് പോലീസില്‍ കീഴടങ്ങിയത്. ബന്ധുവായ മറ്റൊരു സ്ത്രീ ഇയാളുടെ വിവാഹഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പരാജയപ്പെട്ടതോടെ ശിഷ്ടകാലം ജയിലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അറിയാവുന്ന മലയാളത്തില്‍ മൂന്നു പേജുകളിലായി കത്തെഴുതിവച്ചിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
തനിച്ചു താമസിച്ചിരുന്ന ജാനകിയമ്മയ്ക്ക് സഹായത്തിന് നിന്നിരുന്നത് തമിഴ്നാട് സ്വദേശിയായ പുഷ്പ എന്നു വിളിക്കുന്ന ഭൂപതിയാണ്. ബന്ധുവായ ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്നും ഇത് നടക്കാതെ വന്നപ്പോഴാണ് വിഷം കഴിച്ചതെന്നും മയില്‍സ്വാമി പോലീസിനോട് പറഞ്ഞു. ഇതുപരാജയപ്പെട്ടപ്പോഴാണ് ജാനകിയെ കൊന്ന് ജയിലില്‍ പോകാന്‍ തീരുമാനിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്താണ് കൊല നടത്തിയത്. വീട്ടിലെ സ്വീകരണമുറിയില്‍ അടുക്കളയോട് ചേര്‍ന്ന് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു ജാനകിയുടെ മൃതദേഹം. മയില്‍സ്വാമി ഒരു വര്‍ഷം മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മാനസിക വിഭ്രാന്തിക്ക് ഇയാള്‍ ചികിത്സ തേടിയിട്ടുണ്ട്.
പ്രായമായ മാതാവിനെ നോക്കാനായി മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന ജാനകിയുടെ മക്കള്‍ ആദ്യം ഭൂപതിയെയാണ് നിയോഗിച്ചത്. ഇവരാണ് നാല് വര്‍ഷം മുമ്പ് സംസാരശേഷിക്ക് തകരാറുള്ള മയില്‍സ്വാമിയെ ഒപ്പം കൂട്ടുന്നത്. ഇവിടുത്തെ കൃഷിപ്പണികള്‍ നോക്കിയിരുന്നതും മയില്‍സ്വാമിയാണ്.
മത്സ്യവില്‍പ്പനക്കാരന്‍ ഇന്നലെ രാവിലെ റോഡില്‍ വന്നപ്പോള്‍ പുറത്തേക്കു വന്ന സമീപവാസിയായ വീട്ടമ്മയോട് പത്രത്തില്‍ ഒരു കത്ത് വച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും മയില്‍സ്വാമി പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായി പറഞ്ഞിട്ട് ഇയാള്‍ വീട്ടിനുള്ളിലേക്ക് കയറി വീണ്ടും കതക് അടച്ചു. പത്രം എടുത്ത് കത്തുവായിച്ച സമീപവാസി ഉടന്‍ അടുത്തുള്ളവരെ വിളിച്ച്കൂട്ടി വീട്ടിലെത്തി ജനലില്‍കൂടി നോക്കിയെങ്കിലും ജാനകിയെ കണ്ടില്ല.
മയില്‍സ്വാമിയെ വിളിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായും പോലീസ് എത്തിയശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് പ്രതി കതക് തുറന്നത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരേതനായ ദാമോദരനാണ് ജാനകിയുടെ ഭര്‍ത്താവ്. മക്കള്‍: ചന്ദ്രബോസ്(വിശാഖപട്ടണം), സുഷമ( പെരുനാട്), അജയഘോഷ് (ഇലവുംതിട്ട). മരുമക്കള്‍: ഗിരിജ, അനിരുദ്ധന്‍, ബിന്ദു.
https://www.facebook.com/Malayalivartha