അടഞ്ഞ അധ്യായം... ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആയിട്ടും അനക്കമില്ലാതെ സര്‍ക്കാര്‍; ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന കോടിയേരിയുടെ പ്രസ്താവനയും ഫലം കണ്ടില്ല; കമ്മീഷന്‍ കണക്ക് ഒരു കോടിയില്‍ നിന്നും 9 കോടിവരെ എത്തിയെന്ന് ആക്ഷേപം നിറയുമ്പോള്‍

ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആയിട്ടും അന്വേഷണം നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ കമ്മീഷന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് അന്വേഷണം എന്ന അധ്യായം അടച്ചത്.
ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. എന്നാല്‍ അതിന് ശേഷം അദ്ദേഹവും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. കമ്മീഷന്‍ കണക്ക് ഒരുകോടിയില്‍ നിന്നും 9കോടിവരെ എത്തിയെന്ന് ആക്ഷേപം നിറയുമ്പോഴും സര്‍ക്കാരിന് കുലുക്കമില്ല.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഒരുകോടി കമ്മീഷന്‍ തട്ടിയ വിവരങ്ങള്‍ ആഗസ്റ്റ് ആദ്യമാണ് പുറത്തായത്.പാവങ്ങള്‍ക്ക് വീട് കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന പദ്ധതി കമ്മീഷനില്‍ മുങ്ങിയപ്പോള്‍ സര്‍ക്കാരല്ല യുഎഇ കോണ്‍സുലേറ്റാണ് മറുപടി പറയേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരിന് ദാനം കിട്ടിയതാണ് യു എ ഇയുടെ സഹായം എന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാല്‍ കമ്മീഷന്‍ ഒരു കോടിയല്ല നാലരക്കോടിയാണെന്ന് വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ മാധ്യമഉപദേശകനായ ജോണ്‍ ബ്രിട്ടാസ് നടത്തി. ഇത് മന്ത്രി എ. കെ. ബാലന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഏറ്റുപിടിച്ചു. വിവാദമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പോലും അന്വേഷണം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലായിരുന്നു.
യുഎഇ റെഡ് ക്രസന്റുമായുള്ള ലൈഫ് മിഷന്റെ അതീവ ദുര്‍ബലമായ ധാരണാപത്രം ,അതിലേക്ക് നയിച്ച വഴിവിട്ട നടപടികള്‍ ,കോടികള്‍ കമ്മീഷന്‍ നല്‍കിയ യുണിടാക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ടുവെന്ന തെളിവുകള്‍ ഇതെല്ലാം പുറത്തുവന്നിട്ടും സര്‍ക്കാര്‍ കക്ഷിയെ അല്ല എന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ തലയില്‍ ഇക്കാര്യം കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ഒന്നടങ്കം ശ്രമിച്ചത്. ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ല. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചില്ല. ഇവിടെയാണ് ദുരൂഹത വര്‍ധിക്കുന്നത്.
പതിനെട്ടര കോടിയുടെ പദ്ധതിയില്‍ നാലരക്കോടിയല്ല ഒന്‍പത് കോടി വരെ കമ്മീഷന്‍ ഒഴുകിയെന്നാണ് ആക്ഷേപം.അന്‍പത് ശതമാനവും കോഴയായി അടിച്ചുമാറ്റിയെങ്കില്‍ പാവങ്ങള്‍ക്കുള്ള ഭവനശൃംഘലയുടെ കെട്ടുറപ്പ് പോലും തുലാസില്‍. കമ്മീഷന്‍തട്ടിപ്പിന്റെ അടയാളമായി വടക്കാഞ്ചേരി ഫ്‌ലാറ്റുകള്‍ മാറുമ്പോള്‍ ഒരുമാസമായി അന്വേഷണത്തില്‍ ഉരുണ്ട് കളിക്കുന്ന സര്‍ക്കാര്‍ പതിയെ പതിയെ അക്കാര്യം മറക്കുമെന്ന് ഉറപ്പായി.
അനില്‍ അക്കര ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന് കുലുക്കമില്ല. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് താമസയോഗ്യമല്ലെന്നാണ് അനില്‍ അക്കര എം എല്‍ എ പറയുന്നത്. യാതൊരു വിധ ഉറപ്പും ഇല്ലാതെ പണിത കെട്ടിടത്തില്‍ പാവപ്പെട്ടവരെ താമസിപ്പിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാകുമെന്നാണ് എം എല്‍ എ കണ്ടെത്തിയിരിക്കുന്നത്. നിരന്തര സമരങ്ങള്‍ നടത്തിയിട്ടും തന്റെ വാദഗതികള്‍ ഗതി പിടിക്കാതെയായപ്പോള്‍ അനില്‍ അക്കരെ നിരാശനായ മട്ടിലാണ്. അടുത്ത കാലത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ. സി. മൊയ്തീനെതിരെയും അനില്‍ അക്കരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രി മൊയ്തീന് സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ നടന്ന ചുറ്റികളിയില്‍ ബന്ധമില്ലെന്നാണ് മനസ്സിലാക്കുന്നത്.
ലൈഫ് മിഷനില്‍ നിന്നും തനിക്ക് കിട്ടിയ ഒരു കോടി കമ്മീഷനാണ് എസ് ബി ഐയുടെ തിരുവനന്തപുരം ശാഖയിലുള്ള ലോക്കറില്‍ സൂക്ഷിച്ചതെന്ന് സ്വപ്ന പറഞ്ഞെങ്കിലും ഇത് വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഏതായാലും കിട്ടിയ പണത്തില്‍ പകുതി കമ്മീഷനായി പോയ സാഹചര്യത്തില്‍ നിര്‍മ്മാണത്തിന്റെ ഉറപ്പിനെ കുറിച്ച് തര്‍ക്കം നിലനില്‍ക്കുക തന്നെ ചെയ്യും. അത്തരമൊരു തര്‍ക്കം നിലനില്‍ക്കുന്ന കാലത്തോളം വടക്കാഞ്ചേരി ഫ്‌ലാറ്റിന്റെ ഉദ്ഘാടനം നടക്കില്ല. അതിനിടെയാണ് ലൈഫ് മിഷനെ തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രിമിച്ചെന്ന രാഷ്ട്രീയ ആരോപണം മുഖ്യമന്ത്രിയുടെതായി പുറത്തുവന്നത്. ഇത് വാര്‍ത്തയാവുകയും ചെയ്തു.
"
https://www.facebook.com/Malayalivartha