മുടി വെട്ടാന്‍ വരെ ജാതി ; ഉത്തരേന്ത്യയിലല്ല ഇതും ഇങ്ങ് കേരളത്തില്‍ തന്നെയാണ്; ഇങ്ങനെയും സാക്ഷര കേരളം; വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തി; മുടി വെട്ടാന്‍ സഞ്ചരിക്കേണ്ടത് 45 കിലോമീറ്റര്‍

കഴിഞ്ഞ ദിവസം പുറത്ത് വന്ന എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ സര്‍വേയില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്താണ്. മലയാളിക്ക് ഏറ്റവും അഭിമാനിക്കാവുന്ന വാര്‍ത്ത. പക്ഷേ സാക്ഷര കേരളം പണ്ട് വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഒരു ഭാന്ത്രാലയമാണെന്ന അവസ്ഥയില്‍ നിന്നും അധികമൊന്നും മാറിട്ടില്ലെന്നും വേണം മനസിലാക്കാന്‍. അല്ലായിരുന്നുവെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ നിന്നു പുറത്ത് വരുമായിരുന്നില്ല. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായി പരാതി. യുവാക്കള്‍ ജാതി വിവേചനത്തിനെതിരെ പഞ്ചായത്തില്‍ പരാതിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ജാതി വിവേചനം ഉള്ള ബാര്‍ബര്‍ ഷോപ്പ് പഞ്ചായത്ത് അടപ്പിച്ചു.
കാലങ്ങളായി ഇവിടെ ജാതിവിവേചനം നിലനിന്നിരുന്നു. എന്നാല്‍ സമീപദിവസങ്ങളിലാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ദലിത് വിഭാഗത്തില്‍ പെട്ടവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന് ബാര്‍ബര്‍ ഷോപ്പുടമകള്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമായി. സംഭവം വിവാദമായതോടെ വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു. ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാര്‍ബര്‍ ഷോപ്പ് വേണമെന്നും ആവശ്യം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതി ഇടപെട്ട് വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവദിക്കുമെന്നും ധാരണയായി.
തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരാണ് വിവേചനം ഏറെയും അനുഭവിച്ചിരുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് 45 കിലോമീറ്റര്‍ വരെ ദൂരെ പോയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാര്‍ മുടിവെട്ടിയിരുന്നത്. മുടിവെട്ടാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമാണ് പ്രദേശത്തുണ്ടായിരുന്നത്. പൊതു ബാര്‍ബര്‍ ഷാപ്പിന്റെ പ്രവര്‍ത്തനം നാലു ദിവസത്തിനുള്ളില്‍ ആരംഭിക്കും. കേരളത്തിലെ ജാതി വിവേചനം മുടിവയ്ക്കപ്പെടുന്നതാണ് പതിവ്. എന്നിട്ടും ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുറത്ത് വരുന്നതിനേക്കാള്‍ ഏറെ മറച്ചു വയ്ക്കപ്പെടുന്നവയാണെന്നു മാത്രം. വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവും ഉണ്ടായിട്ടും കേരളത്തില്‍ ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നത് അപമാനകരമാണ്. പട്ടികജാതി പീഡനനിരോധനനിയമം ഉള്‍പ്പെടെയുള്ള നിയമ പരിരക്ഷകള്‍ ഉണ്ടായിട്ടും പട്ടികജാതി വിഭാഗങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജാതി അസമത്വങ്ങളള്‍ക്കെതിര വലിയ വായില്‍ സംസാരിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ല. വട്ടവടയിലും സംഭവിക്കുന്നത് ഇതു തന്നെയാണ്.
https://www.facebook.com/Malayalivartha