മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചപ്പോൾ ബൈക്ക് യാത്രകനെ കൊലപ്പെടുത്തിയ കേസ് : മെൻ്റൽ അർജുനടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പടിഞ്ഞാറേക്കോട്ട ശ്രീവരാഹത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച ബൈക്ക് യാത്രികൻ പുന്നപുരം സ്വദേശി ശ്യാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മെൻ്റൽ അർജുനടക്കമുള്ള മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മെൻ്റൽ അർജുൻ എന്ന അർജുൻ (21) , മനോജ് കൃഷ്ണൻ (28) , രജിത് (24) എന്നിവരെ ഒക്ടോബർ 22 ന് ഹാജരാക്കാനാണുത്തരവ്. പ്രതികളെ ഹാജരാക്കാൻ സിറ്റി ഫോർട്ട് അസിസ്റ്റൻ്റ് പോലിസ് കമ്മീഷണർക്കാണ് കോടതി നിർദ്ദേശം നൽകിയത്.
2019 മാർച്ച് 14 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീവരാഹം കുളത്തിന് സമീപത്തു വച്ചാണ് ബൈക്ക് യാത്രികനായ ശ്യാം (26) എന്ന മണിക്കുട്ടന് കുത്തേറ്റത്. അർജുൻ , മനോജ് കൃഷ്ണൻ , രജിത് , ശ്രീജിത് എന്നിവർ ചേർന്ന് ലഹരി ഉപയോഗിച്ച ശേഷം സംഭവ സ്ഥലത്ത് വച്ച് സംഘർഷമുണ്ടായി. സഹോദരങ്ങളായ രജിത് , ശ്രീജിത് എന്നിവർ തമ്മിലാണ് ആദ്യം വാക്കുതർക്കമുണ്ടായത്. തുടർന്ന് സംഭവം കൈയ്യാങ്കളിയിലെത്തി.
ഈ സമയത്താണ് കൊല്ലപ്പെട്ട ശ്യാം ,.ഉണ്ണിക്കുട്ടൻ , കിച്ചു എന്നിവർ രണ്ടു ബൈക്കുകളിലായി അത് വഴി കടന്ന് പോയത്. അടിപിടിയുണ്ടാക്കുകയായിരുന്ന സംഘത്തെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമിന് കുത്തേറ്റത്. ഇവരുടെ നടുക്ക് കയറി നിന്ന ശ്യാമിന് അപ്രതീക്ഷിതമായി കുത്തേൽക്കുകയായിരുന്നു. തൊട്ടടുത്ത കനാലിൽ കിടന്ന പൊട്ടിയ കുപ്പി എടുത്ത് മെൻ്റൽ അർജുൻ ശ്യാമിനെ കുത്തുകയായിരുന്നു. ശ്യാമിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കുട്ടനും കുത്തേറ്റു. പ്രതികൾ ഉടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാമിൻ്റെ ജീവൻ രക്ഷിക്കാനായില്ല. കുപ്പി കൊണ്ട് ശരീരത്തിൽ ആഴത്തിൽ കുത്തേറ്റതാണ് മരണ കാരണമായത്.
https://www.facebook.com/Malayalivartha