'20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെ'; അലന് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് അമ്മ സബിതാ മഠത്തില്‍

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് അമ്മ സബിതാ മഠത്തില്‍. 20 കൊല്ലത്തിന് ശേഷം മകന്‍ രണ്ടാമത് ജനിച്ചതുപോലെയാണ് തോന്നുന്നതെന്ന് സബിതാ മഠത്തില്‍ പ്രതികരിച്ചു. ജാമ്യം ലഭിച്ചതില്‍ അത്രയധികം സന്തോഷമുണ്ട്. അവന്‍ തന്റെ കൂടെയെത്തിയാല്‍ മാത്രമേ ജാമ്യം ലഭിച്ചെന്ന് പറയാന്‍ പറ്റൂ എന്നും സബിത പ്രതികരിച്ചു.
അലനൊപ്പം താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. താഹയുടെ അമ്മ അനുഭവിച്ച വേദന തനിക്കറിയാം. അലന് മുന്‍പേ താഹ ജയിലില്‍ നിന്ന് ഇറങ്ങിയാലും താന്‍ സന്തോഷവതിയാണ്. ആദ്യം മുതല്‍ പ്രിവിലേജ് ഗ്രൂപ്പ് എന്ന് പറഞ്ഞ് പീഡിപ്പിക്കപ്പെട്ടവരാണ് തങ്ങളെന്നും സബിതാ മഠത്തില്‍ പറഞ്ഞു.
ഉപാധികളോടെ എന്‍ഐഎ കോടതിയാണ് അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതിയുടെ ഉത്തരവ്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.
വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരേയും 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha