സ്വർണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് 10 മണിക്കൂർ പിന്നിട്ടു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പത്തു മണിക്കൂർ പിന്നിട്ടു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അപ്രതീക്ഷിതമായി എൻഫോഴ്സ്മെന്റ് വിളിപ്പിച്ചത്. രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിലെത്തി.
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇഡിയിൽ നിന്ന് വിവരങ്ങൾ തേടി.
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാവും ബിനീഷിൽനിന്നു പ്രധാനമായും ആരായുക.
അതിനൊപ്പം യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി ബിനീഷിന്‍റെ ബന്ധവും പരിശോധിക്കും. ഈ സ്ഥാപനത്തിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചിരുന്നു. 2015ൽ തുടങ്ങിയ ശേഷം പ്രവർത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും പരിശോധിക്കും.
https://www.facebook.com/Malayalivartha