ഓണ്‍ലൈന്‍ അപേക്ഷ പിഎസ്സി സ്വീകരിച്ചില്ലെന്ന ഉദ്യോഗാര്‍ഥി കളുടെ പരാതി പരിശോധിച്ച സാങ്കേതിക സമിതി നാളെ പിഎസ്സി ചെയര്‍മാനു റിപ്പോര്‍ട്ട് നല്‍കും

സാങ്കേതിക സമിതി ഇന്നലെ യോഗം ചേര്‍ന്ന് എല്‍പി, യുപി സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പിഎസ്സി സ്വീകരിച്ചില്ലെന്ന, ഉദ്യോഗാര്‍ഥികളുടെ നൂറ്റിയന്‍പതോളം പരാതികള്‍ വിശദമായി പരിശോധിച്ചു. സമിതി നാളെ പിഎസ്സി ചെയര്‍മാനു റിപ്പോര്‍ട്ട് നല്‍കും.
പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ കൂടി അടങ്ങുന്നതാണ് അഞ്ചംഗ സമിതി. പരാതിക്കാര്‍ ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പിഎസ്സിക്ക് അവ ലഭിച്ചില്ലെന്നാണു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്ന് അറിയുന്നു. പരാതിപ്പെട്ട ഓരോരുത്തരുടെയും പ്രൊഫൈല്‍ ഉള്‍പ്പെടെ സമിതി പരിശോധിച്ചു. അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം പരിഗണിക്കുമെന്നു ചെയര്‍മാന്‍ എം.കെ.സക്കീര്‍ അറിയിച്ചു.
എല്‍പി, യുപി സ്‌കൂള്‍ അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ ഇരുനൂറ്റിയന്‍പതോളം തസ്തികകളിലേക്ക് ഒന്നിച്ചാണു കഴിഞ്ഞ ഡിസംബര്‍ 31-ന് പിഎസ്സി വിജ്ഞാപനം ഇറക്കിയത്. ഫെബ്രുവരി 5 ആയിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. വിവിധ തസ്തികകളിലേക്കു ലക്ഷക്കണക്കിന് അപേക്ഷകള്‍ പിഎസ്സിക്കു ലഭിച്ചു. സോഫ്റ്റ്വെയറിനോ സെര്‍വറിനോ തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുമായിരുന്നുവെന്നും പിഎസ്സി ചൂണ്ടിക്കാട്ടുന്നു.
പരാതി ഉയര്‍ന്നപ്പോള്‍തന്നെ പിഎസ്സിയിലെ സിസ്റ്റം മാനേജര്‍ അടങ്ങുന്ന സാങ്കേതിക വിഭാഗം ഇക്കാര്യം അന്വേഷിച്ച്, പിഴവു സംഭവിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha