ബിനാമിയോ അതോ... വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്‌സ് എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടേതാണെന്ന് സംശയിച്ച് എന്‍ ഐ എ; ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ്

യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടേതാണെന്ന് സംശയിച്ച് എന്‍ ഐ എ. ഇതിന്റെ ഉടമ അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന ആക്ഷേപത്തില്‍ ചില തെളിവുകള്‍ എന്‍ ഐ എക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. പ്രസ്തുത കമ്പനി കേന്ദ്രീകരിച്ച് സ്വര്‍ണ്ണകള്ളകടത്തും മയക്കു മരുന്ന് കടത്തും നടന്നിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നു.
സ്വര്‍ണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അടുത്തയാഴ്ചത്തെ ചോദ്യം ചെയ്യലില്‍ എന്‍ ഐ എ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇഡിയെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ ഏല്‍പ്പിച്ചത് എന്‍ ഐ എ തന്നെയാണ്. ബിനീഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കണ്ട ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും.
സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത് 11 മണിക്കൂറിലധികമാണ്. കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രാഥമിക അന്വേക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് ആറ് മണിയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചെന്നൈ ജോയന്റ് ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലില്‍ പങ്കുചേര്‍ന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ച് പുറത്തിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. ബി കാപ്പിറ്റല്‍ ഫൈനാന്‍ഷ്യല്‍ സൊലൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ് എന്നീ പേരുകളിലാണ് ബിനീഷ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
സ്വര്‍ണ്ണക്കളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താന്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.
തനിക്ക് ബിനീഷുമായി അടുത്ത് ബന്ധമുണ്ടെന്ന് അനുപ് മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷിനെ വിശദമായി ചോദ്യം ചെയ്തത്. ആദ്യ ഘട്ടത്തില്‍ പൂര്‍ണമായി സഹകരിക്കാതിരുന്ന ബിനീഷ് പിന്നീട് തനിക്ക് ബോധ്യമുള്ള കാര്യങ്ങള്‍ മണി മണിയായി പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.
ഭരണത്തിലെയും പാര്‍ട്ടിയിലെയും ഉന്നതര്‍ക്കെതിരെ ബിനീഷ് മൊഴി നല്‍കിയിട്ടുണ്ടോ എന്നാണ് സി പി എം കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ച്ചയായും ബീനീഷില്‍ നിന്നും ചോദിച്ചിരിക്കാം അതിന് അദ്ദേഹം എത്തു പറഞ്ഞു എന്നാണ് അറിയേണ്ടത് .ശിവശങ്കറുമായി ബിനീഷിന് ബന്ധമുണ്ട്. മുഖ്യന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉന്നതന്‍മാരുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. അതെല്ലാം ഇ ഡി ചോദിച്ചറിഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ അറിയാമെന്ന് ഇ.ഡി. വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുമായി ബിനീഷ് കോടിയേരിക്ക് അടുപ്പമൊന്നുമില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ബിനീഷ് തയ്യാറാവുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല. എന്നാല്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ ബിനീഷ് വിചാരിച്ചാല്‍ എന്തും നടക്കും. ആ ബന്ധം ശിവശങ്കറില്‍ മാത്രം ഒതുങ്ങുന്നില്ല. ഇതാണ് നിലവിലെ സാഹചര്യമെന്ന് ഏജന്‍സികള്‍ മനസിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബിനീഷ് ദുരുപയോഗം ചെയ്‌തോ എന്ന സംശയം അന്വേഷണ സംഘങ്ങള്‍ക്കുണ്ട്.
സ്വര്‍ണ്ണ ബാഗേജ് വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍ ശിവശങ്കറിനോട് അധിക്യതരെ വിളിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ബിനീഷുണ്ടോ എന്ന സംശയവും ദേശീയ അന്വേഷണ ഏജന്‍സിക്കുണ്ട്. എന്നാല്‍ അപകടം മനസിലാക്കിയ ശിവശങ്കര്‍ വിളിക്കാന്‍ തയ്യാറായില്ല. അതു കൊണ്ടു മാത്രമാണ് അദ്ദേഹം ഇതുവരെ കേസില്‍ പ്രതിയാകാതെ രക്ഷപ്പെട്ടത്. അടുത്തയാഴ്ചയോടു കൂട്ടി ഇക്കാര്യങ്ങളില്‍ വ്യക്തത വരും.
ഏതായാലും കോടിയേരി ബാലകൃഷ്ണനെ കാത്തിരിക്കുന്നത് ദുരിത വര്‍ഷമാണ്. ബിനീഷ് പ്രതിയായാല്‍ അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടിക്കാര്‍ പോലും കരുതുന്നില്ല.
https://www.facebook.com/Malayalivartha