വട്ടവടയില്‍ ജാതിവിവേചനപ്രശ്‌നം പരിഹരിക്കാന്‍ പൊതു ബാര്‍ബര്‍ ഷോപ്പ് വരുന്നു

തൊടുപുഴയ്ക്കടുത്തുള്ള വട്ടവട ജാതിവിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിക്കാനൊരുങ്ങുകയാണ്. താഴ്ന്ന ജാതിയാണെന്നു പറഞ്ഞ് ബാര്‍ബര്‍ഷോപ്പുകാര്‍ ചക്ലിയ വിഭാഗക്കാരെ ആട്ടിയകറ്റുന്ന വിവരം അടുത്തിടെ വാര്‍ത്തയായി. ഇപ്പോള്‍ പഞ്ചായത്ത് ഇവിടെ പൊതു ബാര്‍ബര്‍ഷോപ്പ് സ്ഥാപിക്കാനൊരുങ്ങുകയാണ്.
ചക്ലിയ വിഭാഗക്കാര്‍ 12 കിലോമീറ്റര്‍ ദൂരെ ചിറ്റുവരയിലോ 42 കിലോമീറ്റര്‍ താണ്ടി മൂന്നാറിലോ ഒക്കെ പോയാണ് മുടിവെട്ടിയിരുന്നത്. അതിനു പറ്റാതിരുന്നവര്‍ പരസ്പ്പരം മുടിവെട്ടി കൊടിയവിവേചനത്തോടു പടവെട്ടി.
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇതു വാര്‍ത്തയായതിനു പിന്നാലെ വട്ടവട സന്ദര്‍ശിച്ചു തെളിവെടുത്തു. ഇതിനിടെ, വിവേചനം കാട്ടിയ രണ്ടു ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് പൂട്ടി. വട്ടവടയില്‍ ചക്ലിയ വിഭാഗത്തില്‍പ്പെട്ട 250 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പൊതു ബാര്‍ബര്‍ഷോപ്പ് തുടങ്ങാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം. പക്ഷേ, ഇവിടെ ജോലിചെയ്യാന്‍ ബാര്‍ബര്‍മാര്‍ തയാറായിട്ടില്ല. അതിനാല്‍ വട്ടവടയ്ക്കു പുറത്തുനിന്ന് ആളെ എത്തിക്കും.
പണ്ട് വട്ടവട പഞ്ചായത്തിലെ ഹോട്ടലുകളില്‍ ചക്ലിയ വിഭാഗക്കാര്‍ക്കു ചായ കൊടുത്തിരുന്നത് ചിരട്ടയിലാണ്. പിന്നീടത് പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഗ്ലാസുകളിലേക്കു മാറി. 1990 കാലഘട്ടത്തില്‍ ഭരണകൂടങ്ങള്‍ ഇടപെട്ടാണ് ഇതിനു മാറ്റംവരുത്തിയത്.
ജാതിവിവേചനം അവസാനിപ്പിക്കാന്‍ മറ്റു സമുദായങ്ങളിലുള്ളവരുമായി ചര്‍ച്ചനടത്താനും പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഇടപെടല്‍ വിവേചനത്തിനു കുറച്ചെങ്കിലും മാറ്റംവരുത്തുമെന്ന പ്രതീക്ഷയിലാണിവര്‍.
https://www.facebook.com/Malayalivartha