കേരള കോൺഗ്രസ് (എം)ന്റെ മേൽ വഞ്ചനയുടെ പെരുമഴക്കാലം സൃഷ്ടിച്ചവരാണ് യു.ഡി.എഫുകാർ ; പി.ടി. ജോസ്

കേരള കോൺഗ്രസ് (എം)ന്റെ മേൽ വഞ്ചനയുടെ പെരുമഴക്കാലം സൃഷ്ടിച്ചവരാണ് യു.ഡി.എഫുകാരെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ടി. ജോസ്. കേരള കോൺഗ്രസ് (എം)ന്റെമേൽ വഞ്ചനയുടെ പെരുമഴക്കാലം പെയ്തിറക്കിയവർ ജോസ് കെ. മാണി വഞ്ചന കാണിച്ചു എന്ന് പറയുന്നത് അപഹാസ്യവും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂർവ്വം കരുതിക്കൂട്ടി നടത്തുന്ന നുണപ്രചാരണവുമാണ് എന്നും പി.ടി. ജോസ് കൂട്ടിച്ചേർത്തു.
പാലാ ഉപതെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വഞ്ചനയുടെ പട്ടിക ഇതുവരെ വെളിപ്പെടുത്താതെയിരിക്കുന്നത് ഞങ്ങളുടെ പാർട്ടിയുടെയും, ജോസ്.കെ മാണിയുടെ മാന്യതകൊണ്ടും,കൂടെ നിൽക്കുമ്പോൾ കുതികാൽ വെട്ടുന്ന സംസ്കാരം കേരള കോൺഗ്രസ് (എം)ന് ഇല്ലാത്തതുകൊണ്ടുമാണ്.
പാലാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ജോസ് കെ മാണിയെ ചുമതലപ്പെടുത്തുകയും ചിഹ്നം നൽകുന്നതിൽ തർക്കം ഉന്നയിക്കുകയില്ലെന്ന് ജോസഫിൽ നിന്നും ഉറപ്പു വാങ്ങുകയും ചെയ്തത് യു.ഡി.എഫ് നേതാക്കൾ ആണല്ലോ? സ്ഥാനാർഥിയെ തീരുമാനിച്ച് അറിയിക്കുകയല്ലാതെ പുറത്ത് പ്രഖ്യാപിക്കരുതെന്ന് ജോസ് കെ. മാണിക്ക് വിലക്കു കൽപ്പിച്ചതും യുഡിഎഫ് നേതൃത്വം തന്നെയല്ലേ? മുന്നണിയുടെ കെട്ടുറപ്പിനെ കരുതി ഞങ്ങൾ ആ തീരുമാനം അതേപടി അംഗീകരിച്ചില്ലേ.. എന്നിട്ട് എന്തുണ്ടായി എന്നത് പകൽ പോലെ വ്യക്തമല്ലേ.
ഞങ്ങൾക്ക് രണ്ടില നൽകുന്നതിന് ജോസഫ് തടയിട്ടു. റിബൽ സ്ഥാനാർഥിയെ നിർത്തി. നിങ്ങൾ ഞങ്ങൾക്ക് ഉറപ്പുനൽകുന്നതിനുമുമ്പുതന്നെ നിങ്ങളെയും ഞങ്ങളെയും ഒരുമിച്ച് വഞ്ചിച്ചുകൊണ്ട്, ഇലക്ഷൻ കമ്മീഷന് ഓഗസ്റ്റ് 23ന് പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)ന് സ്ഥാനാർത്ഥി ഇല്ലെന്നും ആർക്കും രണ്ടില ചിഹ്നം അനുവദിക്കരുതെന്നും കാണിച്ച് പി.ജെ ജോസഫ് നൽകിയ അറിയിപ്പിനെപറ്റി നിങ്ങൾ അറിഞ്ഞില്ലേ. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ജോസ് കെ. മാണി അറിയിച്ചിട്ടും നിങ്ങൾ മിണ്ടാതിരുന്നതും, കാണിച്ചത് നെറികേടാണെന്ന് ജോസഫിനോട് പറയാതിരുന്നതും എന്തുകൊണ്ടാണ്. ഇക്കാര്യം നിങ്ങൾ കൂട്ടായി ആലോചിച്ചെടുത്ത വഞ്ചനയായിരുന്നില്ലേ?
23 ന് ഇലക്ഷൻ കമ്മീഷനും, കേരളത്തിന്റെ ചുമതലയുള്ള ടിക്കാറാം മീണയ്ക്കുമൊക്കെ കേരള കോൺഗ്രസ് (എം)ന് സ്ഥാനാർത്ഥിയില്ല എന്ന അറിയിപ്പ് നൽകിയതിനുശേഷം അഡ്വക്കേറ്റ് ജോസ് റ്റോമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുവാൻ സെപ്റ്റംബർ ഒന്നിന് ഒരു ഉളുപ്പും കൂടാതെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത ജോസഫ് ആണോ, ഞാനുമൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ്ഞു പ്രഖ്യാപനം നടത്തിയ യു.ഡി.എഫ് നേതൃത്വമാണോ വഞ്ചന കാണിച്ചത് . ഇലക്ഷൻ കൺവെൻഷൻ സെപ്റ്റംബർ 7 ചേരാൻ കേരള കോൺഗ്രസ്(എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ചേർന്നെടുത്ത തീരുമാനം അഞ്ചാം തീയതിയിലേക്ക് മാറ്റി യു.ഡി.എഫ് നേതാക്കൾ വഞ്ചന ക്കുള്ള വല വിരിക്കുകയല്ലായിരുന്നോ? സ്ഥാനാർഥിയുടെ നോമിനേഷൻ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ റിബൽ സ്ഥാനാർത്ഥിയെ നിർത്തുകയും സൂക്ഷ്മപരിശോധന സമയത്ത് രണ്ടില ചിഹ്നത്തിന് തർക്കം ഉണ്ടാക്കുകയും ചെയ്ത പി.ജെ ജോസഫിന്റെ നടപടി വഞ്ചനയല്ലെന്നു കരുതാൻ യു.ഡി.എഫ് നേതൃത്വത്തിന് എങ്ങനെ കഴിഞ്ഞു. അഡ്വക്കേറ്റ് ജോസ് ടോമിന്റെ കേരള കോൺഗ്രസ് (എം) എന്ന പത്രിക പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് പ്രകാരം തള്ളിക്കളയുകയും,സ്വതന്ത്ര സ്ഥാനാർത്ഥി പട്ടിക പരിശോധിക്കാൻ ഉച്ചയ്ക്കുശേഷം സമയം നിശ്ചയിക്കുകയും ചെയ്ത വാർത്ത കാട്ടുതീ പോലെ നാടൊട്ടുക്കും പരക്കുകയും, കൺവെൻഷൻ നടന്ന പാലായിൽ തടിച്ചുകൂടിയ പതിനായിരത്തിലധികം ആളുകൾ രോഷാകുലരും, ദുഃഖിതരുമായ സന്ദർഭത്തിൽ അതിനു കാരണക്കാരനായ പി.ജെ ജോസഫിനെ ഈ സാഹചര്യത്തിൽ യോഗം സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന ജോസ് കെ. മാണിയുടെ അഭ്യർത്ഥന നിഷ്കരുണം തള്ളിക്കളഞ്ഞ് എഴുന്നള്ളിച്ചു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്റെ ഉദ്ദേശം വഞ്ചനയുടേതല്ലെന്ന് എങ്ങനെ പറയും.
ഈ സാഹചര്യത്തിൽ പ്രതിഷേധസൂചകമായി ഏതാനുംപേർ അല്പ സമയത്തേക്ക് കൂവിയത് വലിയ അപരാധവും ജോസ് കെ. മാണിയുടെ ഭാഗത്തുനിന്നുവന്ന കൃത്യവിലോപവും ആണെന്ന് പെരുമ്പറ കൊട്ടിയ യു.ഡി.എഫുകാർ എന്തുകൊണ്ട് വഞ്ചന മാത്രം കാണിച്ചു കൊണ്ടിരിക്കുന്ന പി.ജെ ജോസഫിനെ ഒരിക്കൽപോലും വിമർശിക്കാതിരുന്നത്.
ഇലക്ഷൻ അവസാനിക്കുന്നതുവരെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയത്തിന് ആക്കം കൂട്ടുന്ന പ്രവർത്തികൾ മാത്രം ചെയ്ത പി.ജെയെയും കൂട്ടാളികളെയും ഒരിക്കൽപോലും താക്കീത് ചെയ്യാനോ, വിമർശിക്കാനോ യു.ഡി.എഫ് കൺവീനറോ, മറ്റു നേതാക്കളോ തയ്യാറായില്ല. ഇതിനെ വഞ്ചന എന്ന് വിശേഷിപ്പിച്ചാൽ തെറ്റുണ്ടോ? ജോസ് കെ. മാണിയേയും ,പാർട്ടിയേയും യു.ഡി.എഫ് നിന്ന് പുറത്തു ചാടിയ്ക്കാൻ ആവുന്ന തന്ത്രപണികൾ പയറ്റിയിട്ടും, നെല്ലിപ്പലകയോളം ക്ഷമിച്ച് മുഴുവൻ ഉപതെരഞ്ഞെടുപ്പുകളും കഴിയുന്നവരെ യുഡിഎഫിനൊപ്പം കൈമെയ് മറന്ന് പ്രവർത്തിച്ചതാണോ ജോസ് കെ. മാണി കാണിച്ച വഞ്ചന?
പാലായ്ക്ക് ശേഷം നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളും യു.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസ് (എം) നെ നിങ്ങൾ അന്നേ പുറത്താക്കുമായിരുന്നില്ലേ? വട്ടിയൂർക്കാവും,കോന്നിയും കേരള കോൺഗ്രസിന്റെ കുഴപ്പം കൊണ്ട് തോറ്റതല്ലല്ലോ.. രണ്ടു സ്ഥലങ്ങളിലും പരസ്പരം വഞ്ചന കാണിച്ചവരല്ലേ നിങ്ങൾ.
ഏറ്റവും ഓടുവിൽ ഇല്ലാത്ത എഗ്രിമെൻറ് ഉണ്ടെന്നു പറഞ്ഞ് മാണി വിഭാഗത്തിൽ നിന്ന് "കുതിരക്കച്ചവടം"നടത്തി പി.ജെ ജോസഫ് പിടിച്ചെടുത്ത ആൾക്കുവേണ്ടി കോട്ടയം ജില്ലാ കൗൺസിൽ പ്രസിഡണ്ട് പദവിയ്ക്കായി ഒത്താശ ചെയ്തു കേരള കോൺഗ്രസ് (എം) നെ മുന്നണിയിൽ നിന്നും പുറത്തു ചാടിക്കാൻ കൂട്ടുനിന്നവർ കാണിച്ച ഏർപ്പാടിനെ *വഞ്ചന* എന്നു വിളിച്ചാൽ തെറ്റാകുമോ?
ധാർമികതയും മാന്യതയും കാണിക്കുകയും, കാര്യങ്ങൾ വെട്ടിതുറന്നു പറയുകയും , പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്താണോ കേരള കോൺഗ്രസ് (എം) ചെയ്ത വഞ്ചന. ഔദ്യോഗികമായി യു.ഡി
എഫ് നേതൃയോഗം പോലും ചേരാതെ ചെന്നിത്തല,ബെന്നി അച്ചുതണ്ട് കേരള കോൺഗ്രസ് (എം)നെ പുറത്താക്കിയെന്ന് പ്രഖ്യാപനം നടത്തിയതല്ലേ വഞ്ചന. 101 ആവർത്തിപോലെ പുറത്താക്കി.പുറത്താക്കി.. പുറത്താക്കി... എന്ന് ആവർത്തിച്ച് പറഞ്ഞിട്ട് ഇപ്പോൾ ഞങ്ങൾ അവരെ പുറത്താക്കിയിട്ടില്ല എന്ന് ഇലക്ഷൻ കമ്മീഷൻ വിധിക്കുശേഷം പറയുന്നതല്ലേ ആത്മവഞ്ചന.
അങ്ങനെ കേരള കോൺഗ്രസ്(എം) നേയും മാണിസാറിന്റെ പൈതൃകത്തെയും തകർക്കാൻ വഞ്ചനയുടെ പെരുമഴക്കാലം സൃഷ്ടിച്ചവർ, ജോസ് കെ. മാണി വഞ്ചന കാണിച്ചു എന്നു പറയുന്നത് കേൾക്കുമ്പോൾ പറയുന്നവരെ ഓർത്ത് ഹാ കഷ്ടം എന്ന് മാത്രം പറയട്ടെ. ദയവു ചെയ്തു കെ.എം മാണി സാറിന്റെ പൈതൃകത്തിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തി- പി.ജെയ്ക്കും കൂട്ടർക്കും നൽകി മാണി സാറിന്റെ ആത്മാവിനെ കൂടി അപമാനിക്കാൻ ശ്രമിക്കരുതെ ചെന്നിത്തലേ... എന്നും പി.ടി. ജോസ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















