മഴയുടെ താണ്ഡവം !അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് പലയിടത്തും മഴ കനക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിയാർജ്ജിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്ന ശക്തമായ മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 10,11 ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 10-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 11-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും സെപ്റ്റംബര്‍ 12-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ 13-ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ 14-ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിലാണ് 14 സെൻ്റിമീറ്റർ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ തുടരും. വടക്കൻ ജില്ലകളിലും വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം ശക്മാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. നാല് ദിവസം കൂടി കാലവർഷം സജീവമായി തുടരും.
പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കുരുത്തിച്ചാലിലാണ് സംഭവം. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശികളായ ഇർഫാൻ, മുഹമ്മദലി എന്നിവരെയാണ് കാണാതായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉൾപ്പെടെയുള്ള മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇതിനിടെയാണ് രണ്ട് പേരെ കാണാതായിട്ടുള്ളത്.
ശക്തമായ മഴ തുടരുന്നതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുളളവര്‍ അതിനോട് സഹരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുളളത്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കാനും ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha