പാറശ്ശാലയില്‍ സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ചു, രണ്ടു പ്രാദേശിക നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള ആത്മഹത്യക്കുറിപ്പ് ലഭിച്ചു

ഉദിയന്‍കുളങ്ങര അഴകിക്കോണം മേക്കെഭാഗത്തു പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യയും സിപിഎം പ്രവര്‍ത്തകയുമായ ആശ(41)യെ വ്യാഴാഴ്ച രാത്രി ഒന്‍പതോടെ അഴകിക്കോണത്ത്, ഉദിയന്‍കുളങ്ങര പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ മാനസിക പീഡനമെന്നു ചൂണ്ടിക്കാട്ടി, രണ്ടു പേരുടെ പേരെടുത്തു പറഞ്ഞുള്ള ആത്മഹത്യക്കുറിപ്പ് കിട്ടി. മൃതദേഹത്തിലുണ്ടായിരുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് ഒളിപ്പിച്ചതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദിയന്‍കുളങ്ങര ജംക്ഷനില്‍ ദേശീയപാത ഉപരോധിച്ചു. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കാനും കുറിപ്പു പുറത്തു വിടാനും പൊലീസ് തയാറായതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
പാര്‍ട്ടി നേത്യത്വത്തിന്, സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കളായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഡനം സംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടികളില്ലാത്തതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയെന്നാണ് രണ്ട് പേജുള്ള കുറിപ്പിന്റെ ഉള്ളടക്കം. പാര്‍ട്ടി ഒാഫിസിലേക്കെന്നു പറഞ്ഞു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍നിന്നു പോയ ആശ രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വീടിന് 100 മീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു .
മൃതദേഹം രാത്രി തന്നെ അഴിച്ചിറക്കാനുള്ള നീക്കം പൊലീസ് നടത്തിയെങ്കിലും നാട്ടുകാരും ബന്ധുക്കളും തടയുകയായിരുന്നു. തുടര്‍ന്നു ഇന്നലെ 12.00 മണിയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പാറശ്ശാലയില്‍ നേതാക്കളുടെ മാനസിക പീഡനത്തിനിരയായി സിപിഎം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയുടെ കെട്ടിടത്തില്‍ തന്നെ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്നതിനു സത്യസന്ധനായ ഒരു ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ പ്രതികളായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരുമെന്ന് ഉറപ്പില്ല. ഈ കേസിലെ പ്രതികളായ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണം.
സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണു ആത്മഹത്യാ കുറിപ്പിലുള്ളത്. പാര്‍ട്ടിക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന പരാമര്‍ശം ഗൗരവം കൂട്ടുന്നു. ഭരണകക്ഷിക്കുള്ളില്‍ പോലും സ്ത്രീകള്‍ക്കു രക്ഷയില്ലെന്ന അവസ്ഥയാണ്. സിപിഎമ്മിനുള്ളില്‍ വനിതകള്‍ക്കു ദുരനുഭവം ഇതാദ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)
https://www.facebook.com/Malayalivartha






















