തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടുന്നു

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാന്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന പിആര്‍ ഏജന്‍സിയെ നിയോഗിക്കാന്‍ തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് തീരുമാനം.
ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ പിആര്‍ഡി സെക്രട്ടറി ചെയര്‍മാനും ഡയറക്ടര്‍ കണ്‍വീനറും ഐടി, കിഫ്ബി പ്രതിനിധികള്‍ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ തന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പും മുഖ്യമന്ത്രിക്ക് പ്രത്യേക സമൂഹ മാധ്യമസംഘവും ഉള്ളപ്പോഴാണു പുറമേ നിന്നുള്ള ഏജന്‍സിയെ വരുത്തുന്നത്.
കണ്ടന്റുകളുടെ നിര്‍മാണം, രൂപകല്‍പന, ഡിജിറ്റല്‍ പ്രമോഷന്‍ എന്നിവയാണ് ഏജന്‍സിയുടെ മുഖ്യ ചുമതല. സമൂഹമാധ്യമ സംഘത്തെ നവീകരിക്കാനും ദേശീയ ഏജന്‍സിയുടെ സേവനം പ്രയോജനപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും കിഫ്ബി വഴിയും നാലര വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ ദേശീയ തലത്തിലടക്കം പരമാവധി പ്രചരിപ്പിക്കാന്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സിയെ നിയോഗിക്കുന്നത്. പ്രതിഫലം പിന്നീടു തീരുമാനിക്കും.
28.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ 4 മാസത്തേക്കു മാത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പരിപാലിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത്. ഏജന്‍സിയെക്കൂടി നിയോഗിക്കുന്നതോടെ ചെലവു വീണ്ടും ഉയരും. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനു സര്‍ക്കാര്‍ പണം ചെലവിടുന്നതു രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha






















