സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും... നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടന്‍ നോട്ടീസ് നല്‍കും. മന്ത്രിയുടെ മൊഴികള്‍ ഇ.ഡി. അന്വേഷണസംഘം വിശദമായി പരിശോധിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മന്ത്രിയെന്നനിലയ്ക്കപ്പുറമുള്ള ഇടപാടുകള്‍ ഉണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകള്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസില്‍ എത്തിച്ചിരുന്നു. ഇത് ജലീലിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല.
കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്. മന്ത്രിയുടെ മൊഴി അവലോകനംചെയ്ത ഇ.ഡി. കോണ്‍സുലേറ്റുമായുള്ള ബന്ധം സാധാരണയില്‍ കവിഞ്ഞുള്ളതാണെന്നാണു വിലയിരുത്തിയത്.
https://www.facebook.com/Malayalivartha






















