മാര്‍ച്ചോടെ ചൂടുപിടിക്കും... സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ച് നിയമസഭാ പൊതു തെരഞ്ഞെടുപ്പിലേക്ക് കച്ചകെട്ടി മുന്നണികള്‍; തദ്ദേശ സ്വയംഭര തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് നീക്കം; വലിയ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയം കേരളം ഉണരുമ്പോള്‍

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിക്കും. തദ്ദേശസ്വയം ഭരണ തെരഞ്ഞടുപ്പും നിയമസഭാ തെരഞ്ഞടുപ്പും ഒരുമിച്ച് നടത്താനാണ് ആലോചിക്കുന്നത്. ആറു മാസത്തെ ഉദ്യോഗസ്ഥ ഭരണമാണ് ആലോചിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് കത്തയച്ചത്. നേരത്തെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് ഉയര്‍ന്നിരുന്നു. ഇതറിയിച്ചുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്.
തെരഞ്ഞടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ചീഫ് സെക്രട്ടറി കത്തയച്ചിരുന്നെങ്കിലും അത് സര്‍വകക്ഷി യോഗത്തിന്റെ തീരുമാനമല്ലാതിരുന്നതിനാല്‍ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ തള്ളി.
ഇലക്ഷന്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറിക്കോ സര്‍ക്കാരിനോ അധികാരമില്ല. എന്നാല്‍ സര്‍വകക്ഷിയോഗത്തിന് അക്കാര്യം അവകാശപ്പെടാം. അതു കൊണ്ടാണ് തെരഞ്ഞടുപ്പ് ഉപേക്ഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനി നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാലും മൂന്ന് മാസത്തില്‍ താഴെ മാത്രമേ അംഗങ്ങള്‍ക്ക് കാലാവധി ഉണ്ടാവുകയുള്ളൂ. കൊവിഡ് സാഹചര്യം കൂടിയായതിനാല്‍ സഭ സമ്മേളിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണോ എന്ന ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
15 കോടി രുപയാണ് തെരഞ്ഞടുപ്പിന് ചിലവാക്കേണ്ടത്. സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇത്രയധികം തുക ചെലവഴിച്ച് തെരഞ്ഞടുപ്പ് മൂന്നു മാസത്തേക്ക് നടത്തുന്നതിനോട് സര്‍ക്കാരിന് താത്പര്യമില്ല.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് നീക്കം. ആറ് മാസം വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചാല്‍ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ച ചേരുന്ന സര്‍വകക്ഷി യോഗം എല്ലാ വിഷയവും ചര്‍ച്ച ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. ഇതിന് പകരം തദ്ദേശ സ്ഥാപനങ്ങളില്‍ ആറ് മാസത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി പരമാവധി വേഗത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
തെരഞ്ഞടുപ്പുകള്‍ മാറ്റി വയ്‌ക്കേണ്ടത് ആരെക്കാളധികം സി പി എമ്മിന്റെ ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഇലക്ഷന്‍ നടന്നാല്‍ അത് തങ്ങള്‍ക്ക് ദോഷമായി തീരുമെന്ന് സി പി എമ്മിന് നന്നായറിയാം. അതിനാണ് കോണ്‍ഗ്രസിന്റെ സഹായത്തോടെ ഇലക്ഷന്‍ നീട്ടാന്‍ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha





















