പോപ്പുലര്‍ ഫിനാന്‍സിന്റെ പാപ്പര്‍ ഹര്‍ജി ഇന്ന് പത്തനംതിട്ട സബ് കോടതി പരിഗണിക്കും

പത്തനംതിട്ട സബ് കോടതി ഇന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ പാപ്പര്‍ ഹര്‍ജി പരിഗണിക്കും. തോമസ് ഡാനിയേല്‍, പ്രഭാ തോമസ്, എം.ജെ. മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ് എന്നിങ്ങനെ വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ 8 ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ നിക്ഷേപകര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളും അടക്കം 25 ഹര്‍ജികളാണ് ഇന്ന് സബ് കോടതി മുന്‍പാകെ വരുന്നത്.
പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ആയതിനാല്‍ കേസ് മാറ്റിവയ്ക്കാനാണ് സാധ്യത. ഇതിനിടെ, പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്ന ആവശ്യം പൊലീസ് ഇന്ന് കോടതിയില്‍ ഉന്നയിക്കും. പ്രതികളുടെ കസ്റ്റഡി ഇന്ന് രാവിലെ കഴിയുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഹര്‍ജി.
കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറിയതായി പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ അറിയിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളാണ് ശേഖരിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലെ കോടികള്‍ വില മതിക്കുന്ന ഫ്‌ലാറ്റുകള്‍ വിറ്റഴിച്ചു. സംസ്ഥാനത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസിന്റെ കൈവശമുണ്ട്. ആഡംബര കാറുകള്‍ അടക്കം പത്തു വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
തട്ടിപ്പിനു പിന്നിലെ സൂത്രധാരന്മാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നു എസ്പി പറഞ്ഞു. ഇവരുടെ പക്കല്‍ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റോയ് ഡാനിയേലിന്റെ മറ്റൊരു മകളായ റിയ എവിടെയെന്നതു സംബന്ധിച്ച് കൃത്യമായ വിവരമുണ്ട്. ഇവര്‍ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു കഴിയുകയാണ്.
https://www.facebook.com/Malayalivartha






















