ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ കാമുകി പിടിയില്‍

കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയില്‍ രശ്മി നിവാസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പോലീസ്. ആറ്റിനു കിഴക്കേക്കര ടി.എസ്.ഭവനില്‍ ദിനേശിനെ(25) കാമുകിയായ രശ്മി(25) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ പോലീസ് യുവതിയെ അറസ്റ്റു ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ ദിനേശ് രശ്മിയുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം മറ്റൊരു ഓട്ടോറിക്ഷയില്‍ ഇവരുടെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന പിടിവലിക്കിടെ ശക്തമായി തള്ളിയപ്പോള്‍ കട്ടിലില്‍ തലയടിച്ചുവീണ യുവാവ് മരണപ്പെട്ടെന്നാണ് കേസ്.
കിടപ്പുമുറിയില്‍ വീണുകിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ യുവതിതന്നെയാണ് സംഭവം അയല്‍വാസികളെ അറിയിച്ചത്. പ്രതിയുടെ വീടിന്റെ അടുക്കളയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീഴ്ചയില്‍ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഫൊറന്‍സിക് പരിശോധനാഫലവും സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷ്‌കുമാര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha






















