2 ജില്ലകളിലെ 6 സ്ഥാപനങ്ങള്‍ ഒറ്റ രാത്രിയില്‍ കുത്തിത്തുറന്നു മോഷ്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവ് നിഴല്‍ പൊലീസിന്റെ പിടിയില്‍

സ്ഥാപനങ്ങളുടെ ഷട്ടര്‍ പൊളിച്ചു മോഷണം നടത്തുന്നത് പതിവാക്കിയ കായംകുളം കീരിക്കാട് മാടവന കിഴക്കേതില്‍ നൗഷാദ് (ആടുകിളി നൗഷാദ്) പിടിയിലായി. ഒറ്റ രാത്രിയില്‍ 2 ജില്ലകളിലെ 6 സ്ഥാപനങ്ങള്‍ കുത്തിത്തുറന്നു മോഷ്ടിക്കാന്‍ ശ്രമിച്ച നൗഷാദിനെ നിഴല്‍ പൊലീസാണ് പിടികൂടിയത്.
കേച്ചേരിയിലെ എസ്ഡി ഹോം അപ്ലയന്‍സസ്, കുന്നംകുളത്തെ സ്വപ്ന ജ്വല്ലറി, കല്ലുപുറത്തെ മൊബൈല്‍ ഷോപ്പ്, മലപ്പുറം ചങ്ങരംകുളം പാവിട്ടപ്പുറത്തെ 3 സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ഒറ്റ രാത്രിയില്‍ മോഷണശ്രമം നടന്നത്. ആറ് സ്ഥാപനങ്ങളുടെയും ഷട്ടര്‍ പൊളിക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നും മോഷ്ടിക്കാന്‍ നൗഷാദിനു കഴിഞ്ഞില്ല.
കുന്നംകുളത്തെ ജ്വല്ലറിക്കുള്ളില്‍ കടക്കാന്‍ കഴിഞ്ഞെങ്കിലും സ്വര്‍ണം സൂക്ഷിച്ച ലോക്കറിന്റെ സ്ഥാനം കണ്ടെത്താനായില്ല. ചില്ലുവാതില്‍ തകര്‍ക്കുന്നതിനിടെ കയ്യില്‍ ആഴത്തിലൊരു മുറിവു പറ്റുകയും ചെയ്തു. കേച്ചേരിയിലെ സ്ഥാപനത്തിന്റെ ഷട്ടറും ചില്ലുവാതിലും തകര്‍ത്ത് ഉള്ളിലെത്തിയെങ്കിലും സമീപവാസി ഉണര്‍ന്നതോടെ ശ്രമം പരാജയപ്പെട്ടു.
പല ജില്ലകളിലായി ഒട്ടേറെ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയിട്ടുള്ള നൗഷാദ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയത്. കായംകുളത്തെ വീട്ടില്‍ ഇയാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം ബ്രാഞ്ച് എസിപി ബാബു കെ. തോമസ്, കുന്നംകുളം സിഐ കെ.ജി. സുരേഷ്, നിഴല്‍ പൊലീസ് എസ്‌ഐമാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, എം. രാജന്‍, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, എം.വി. ജോര്‍ജ്, എഎസ്‌ഐമാരായ കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, എം. ഹബീബ്, കെ.എം. വര്‍ഗീസ്, സീനിയര്‍ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവന്‍, പി. സുദേവ്, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















