കരിപ്പൂരില്‍ ഇനി പ്രതികൂല കാലാവസ്ഥയിലും വൈമാനികര്‍ക്ക് റണ്‍വേ കാണാം, വിമാനത്താവളത്തിലെ ഒരു ഐഎല്‍എസ് സിസ്റ്റം പ്രവര്‍ത്തനസജ്ജമായി

പ്രതികൂല കാലാവസ്ഥയില്‍ വൈമാനികര്‍ക്ക് റണ്‍വേ കാണാന്‍ സഹായകമാകുന്ന സംവിധാനമാണ് ഐഎല്‍എസ്. രണ്ട് ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം ഉണ്ടായിരുന്ന കരിപ്പൂരില്‍ ഒന്ന് കഴിഞ്ഞ മാസം 7-ാം തീയതി വിമാനാപകടത്തെത്തുടര്‍ന്നു കേടായിരുന്നു. മറ്റൊന്നു കഴിഞ്ഞ ദിവസവും കേടായി. ഇതോടെ ശക്തമായ മഴയില്‍ വിമാനം ഇറങ്ങാനാകാതെ തിരിച്ചുവിടേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസം കേടായ ഐഎല്‍എസ് നന്നാക്കി. കാലിബ്രേഷന്‍ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. മറ്റൊന്ന് നന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫ്‌ലൈറ്റ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഡോഡിയുടെ നേതൃത്വത്തില്‍ കാലിബ്രേഷന്‍ വിമാനത്തില്‍നിന്നു നിര്‍ദേശങ്ങള്‍ നല്‍കി. കമ്യൂണിക്കേഷന്‍ മേധാവി മുനീര്‍ മാടമ്പാട്ട്, ഉദ്യോഗസ്ഥരായ കെ.അനില്‍കുമാര്‍, എന്‍.നന്ദകുമാര്‍, മുജീബ് അലി, വിപിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ കൃത്യത വരുത്തി.
അപകടത്തില്‍പ്പെട്ട വിമാനം തട്ടി കേടായ ഐഎല്‍എസിന്റെ ആന്റിന, ലോക്കലൈസര്‍ എന്നിവ നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വിമാനാപകടവും മണ്‍സൂണ്‍ സീസണും കണക്കിലെടുത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു താല്‍ക്കാലിക നിയന്ത്രണമുണ്ടെന്ന് ഡിജിസിഎ രേഖാമൂലം സൗദി എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചു.
കരിപ്പൂരില്‍ കഴിഞ്ഞ മാസം 7-ന് ഉണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, രേഖാമൂലമുള്ള അറിയിപ്പ് വിമാനക്കമ്പനിക്കോ കോഴിക്കോട് വിമാനത്താവളം അധികൃതര്‍ക്കോ ഇതുവരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്നു ജിദ്ദയില്‍നിന്നു വലിയ വിമാനം കോഴിക്കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിനു സൗദി എയര്‍ലൈന്‍സ് രേഖാമൂലം ഡിജിസിഎയോട് അനുമതി തേടിയിരുന്നു.
ഇതിനു ഡിജിസിഎ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ്, വിമാനാപകടവും മണ്‍സൂണ്‍ സീസണും കണക്കിലെടുത്ത്, ബന്ധപ്പെട്ട അതോറിറ്റി വലിയ വിമാന സര്‍വീസ് താല്‍ക്കാലികമായി വിലക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയത്. അതേസമയം, വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















