ചിരിപ്പിച്ച് കൊന്ന് ചാനലുകാര്‍... ഏഷ്യാനെറ്റില്‍ നിന്നും ചാനല്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് മറ്റ് ചാനലുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചേക്കേറിയ ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ക്ക് തലങ്ങും വിലങ്ങും അടി മാത്രം; മനോരമ ചാനലിനേയും മാതൃഭൂമി ചാനലിനേയും കുറ്റം പറഞ്ഞ് ട്വന്റിഫോറിനെ പുകഴത്തി ചാനല്‍ ചര്‍ച്ചയ്ക്കിറക്കിയ പുലികള്‍ പെട്ടുപോയി

മലയാളികള്‍ പഴയ സരിതാകാലം പോലെ വാര്‍ത്താ ചാനലുകള്‍ക്ക് മുമ്പില്‍ ചടഞ്ഞിരിക്കുന്ന കാലമാണ് ഇത്. മലയാളികളെ സംബന്ധിച്ച് കൊറോണ കാരണം പോകാന്‍ മറ്റ് വഴികളില്ലെന്നതാണ് സത്യം. ഒന്ന് ചുറ്റിക്കളിക്കാനോ നടക്കാനിറങ്ങാനോ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. അതിനാല്‍ തന്നെ വീട്ടിലുണ്ടാക്കുന്നതും കഴിച്ച് ചാനല്‍ ചര്‍ച്ചയും കണ്ട് അവേശം കൊണ്ട് അതിന്റെ സുഖത്തില്‍ കിടന്നുറങ്ങുക എന്നതാണ് ഇപ്പോഴത്തെ നാട്ടു നടപ്പ്.
ചാനല്‍ ചര്‍ച്ചകളുടെ റേറ്റിംഗ് മനസിലാക്കി രാഷ്ട്രീയ പാര്‍ട്ടികളും തലനരച്ച പല്ല് കൊഴിഞ്ഞ നേതാക്കളെ ചാനല്‍ ചര്‍ച്ചയ്ക്ക് പറഞ്ഞ് വിടില്ല. പകരം ശബ്ദം കൊണ്ട് ആക്രോശിച്ച് വിളിക്കാന്‍ കഴിയുന്നവരെ മാത്രം തെരഞ്ഞെടുത്താണ് ഓരോ ചാനലിലും അയയ്ക്കുന്നത്. സഖാക്കളുടെ സ്ഥിരം ചാനല്‍ ചര്‍ച്ചാ പുലിക്കുട്ടികളായി ഇറക്കിയിരിക്കുന്നത് എംവി രാജേഷ്, സ്വരാജ്, എഎം ഷംസീര്‍, എഎ റഹീം എന്നിവരേയാണ്. ഇവര്‍ക്ക് ഒച്ചയടപ്പുണ്ടായാല്‍ മാത്രം ബൈ സ്റ്റാന്റായി മറ്റുള്ളവരെ ഇറക്കും. ഈ പുലികള്‍ എലിയാകുന്ന കാഴ്ചയാണ് മലയാളികളെ പലപ്പോഴും ചിരിപ്പിക്കുന്നതും ട്രോളാകുന്നതും.
ചാനല്‍ ചര്‍ച്ചയുടെ ഗതി മാറ്റി വിട്ടത് ഏഷ്യാനെറ്റാണ്. സ്വര്‍ണക്കടത്തും സ്വപ്നയും വന്നതോടെ പ്രതിപക്ഷത്തിനൊപ്പം വിനു വി ജോണും പറപറാ ചോദ്യങ്ങള്‍ ചോദിച്ചതോടെ പുലിക്കുട്ടികളുടെ കാലിടറി. പല പ്രാവശ്യം വിനുവിനോട് നേരിട്ട് അവര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ഇടപെടരുത് ഇടപെടരുതെന്ന്. എന്നാല്‍ വിനുവിനെ വ്യക്തിപരമായി പറഞ്ഞതോടെ വിനു ഇടപെട്ടുകൊണ്ടേയിരുന്നു. വെളുക്കുംനേരം വരെ സമയം കൊടുത്താലും സമയം നല്‍കിയില്ല, നിരന്തരം ചോദ്യം ചോദിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അവസാനം ഈ ചാനല്‍ ചര്‍ച്ചാ പുലിക്കുട്ടികള്‍ ഏഷ്യാനെറ്റ് ന്യൂസിനേയും വിനു വി ജോണിനോടും മൊഴി ചൊല്ലി. ഇതോടെ കൂടുതല്‍ ശക്തിയോടെ ഏഷ്യാനെറ്റ് ആഞ്ഞടിച്ചു. പക്ഷെ ഉള്ളത് പറയാമല്ലോ തല്ല് കൊള്ളാന്‍ ആളില്ലാത്ത ഏഷ്യാനെറ്റ് കാണാനുള്ള ആവേശവും കുറഞ്ഞു. അതിനാല്‍ തന്നെ സിപിഎമ്മിന് വേണ്ടി വാദിക്കാന്‍ പറ്റുന്ന ഇടതു ചിന്തകരെന്ന പേരില്‍ പലരേയും വിനു ഇറക്കി അഡ്ജസ്റ്റ് ചെയ്യുന്നു.
ഏഷ്യാനെറ്റിനും വിനുവിനും രണ്ട് കൊടുത്ത് മനോരമ ചാനലിനേയും മാതൃഭൂമിയേയും വരുതിക്ക് നിര്‍ത്താമെന്നാണ് ഈ ചാനല്‍ ചര്‍ച്ചാ പുലിക്കുട്ടികള്‍ ചിന്തിച്ചത്. എന്നാല്‍ ചെന്ന് കയറിയത് സിംഹത്തിന്റെ മടയിലാണെന്ന് അവര്‍ അറിഞ്ഞില്ല. മനോരമയില്‍ ഷാനിയും നിഷയും അയ്യപ്പദാസും മാതൃഭൂമിയില്‍ വേണുവും സ്മൃതിയും കൂടി അവരെ വലിച്ച് കീറി. പാവങ്ങള്‍ വിനു അതിനേക്കാള്‍ എത്ര പാവം എന്ന് തോന്നിച്ച നിമിഷങ്ങള്‍. രാജേഷും സ്വരാജും റഹീമും ഷംസീറും ഇത് പലപ്രാവശ്യം മുഖത്ത് നോക്കി പറഞ്ഞു. ഇടപെടരുത് ചാനലേ ഇടപെടരുത്. പക്ഷെ ഈ മനുഷ്യരുടെ ഉത്തരങ്ങള്‍ കേട്ടാല്‍ വായ് വയ്യാത്തവനും ഇടപെട്ടുപോകും.
ഇങ്ങനെ മനോരമയും മാതൃഭൂമിയും കൈവിട്ടതോടെ നാട്ടില്‍ കൊള്ളാവുന്ന ചാനലായ ട്വന്റി ഫോറിനെ സഖാക്കളുടെ കാണപ്പെട്ട ദൈവമായി സഖാക്കള്‍ വാഴിച്ചു. ഒളിഞ്ഞും തെളിഞ്ഞും ട്വന്റി ഫോറിനേയും ശ്രീകണ്ഠന്‍ നായരേയും വാനോളം പുകഴ്ത്തി. അങ്ങനെ സഖാക്കള്‍ ഇടിച്ച് കയറിയതോടെ ട്വന്റിഫോര്‍ കുതിച്ചുയര്‍ന്നു. ട്വന്റി ഫോറിന്റെ ചാനല്‍ ചര്‍ച്ച സഖാക്കളുടെ പ്രിയപ്പെട്ടതായി.
എന്നാല്‍ ഇവര്‍ക്ക് അടിയേറ്റത് അവതാരകനായി അരുണ്‍ എത്തിയതോടെയാണ്. മുഖം നോക്കാതെ കിടു മറുചോദ്യം വന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വെള്ളം കുടിച്ചു. പക്ഷെ ഇത് കണ്ട് ഊറിച്ചിരിച്ച സഖാക്കള്‍ ആ ചോദ്യം തങ്ങള്‍ക്ക് നേരെ എത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസത്തേയും ചാനല്‍ ചര്‍ച്ച നയിച്ചത് അരുണാണ്. പാര്‍ലമെന്റിനെ വിറപ്പിച്ച എം.വി. രാജേഷിനേയും നിയമസഭയെ വിറപ്പിച്ച എ.എം. ഷംസീറിനേയും അരുണ്‍ വിറപ്പിച്ചു. അവര്‍ പറഞ്ഞ ഉത്തരങ്ങള്‍ മണ്ടത്തരമാണെന്ന് അരുണ്‍ തെളിയിച്ചു. ഇതോടെ വിയര്‍ത്ത രാജേഷ് അറിയാതെ പറഞ്ഞുപോയി. ട്വന്റി ഫോറില്‍ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല. ഇങ്ങനെ ഇടപെടരുത്. പക്ഷെ അരുണ്‍ വിട്ടില്ല. ഇതോടെ മുഖം വാടിയാണ് രാജേഷ് പോയത്.
ഇന്നലത്തെ ദിനം ഷംസീറിന്റേതായിരുന്നു. മന്ത്രി ഇപി ജയരാജന്റെ ഭാര്യയെ ന്യായീകരിച്ചാണ് ഷംസീറെത്തിയത്. ഭാര്യ ക്വാറന്റൈന്‍ ലംഘിച്ചില്ല എന്നാണ് പറഞ്ഞൊപ്പിച്ചത്. പക്ഷെ ആ ഷംസീറിനേയും സഖാക്കളേയും അരുണ്‍ നാണം കെടുത്തി. ദേശാഭിമാനി പ്രസിദ്ധികരിച്ച പത്ര കട്ടിംഗാണ് അരുണ്‍ കാണിച്ചത്. മന്ത്രിയും ഭാര്യയും ക്വാറന്റൈനിലാണെന്നാണ് ദേശാഭിമാനി പറയുന്നത്. അപ്പോള്‍ മന്ത്രി പറഞ്ഞതോ കള്ളം ദേശാഭിമാനി പറഞ്ഞതോ കള്ളം. വെള്ളം കുടിച്ച ഷംസീര്‍ അവസാനം പാര്‍ട്ടി പത്രത്തെ തള്ളിപ്പറഞ്ഞതോടെ എല്ലാം ഓക്കെ. ട്വന്റീ ഫോറും സഖാക്കളെ കൈവിട്ടോ എന്ന ചോദ്യം അശരീരിയായി നാടുനീളെ മുഴങ്ങി. ഇനി സഖാക്കള്‍ക്ക് അഭയം പ്രാപിക്കാന്‍ നാല് മനുഷ്യര്‍ കാണുന്ന മറ്റ് ചാനലുകള്‍ ഇല്ലല്ലോ... എങ്കിലും എന്റെ അരുണേ നിങ്ങള്‍ പത്രക്കാര്‍ ഒറ്റക്കെട്ടാ... ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല!
"
https://www.facebook.com/Malayalivartha