സാറെ ഇനി രക്ഷയില്ല... ശിവശങ്കറുടെ നിര്‍ണായക ചോദ്യം ചെയ്യലിന് 24 മണിക്കൂറുകള്‍ മാത്രം; മാരത്തോണ്‍ ചോദ്യം ചെയ്യലോടെ മടുത്ത ചാനലുകാര്‍ക്ക് വീണ്ടും ആവേശമേറുന്നു; ചൊവ്വാഴ്ച എന്തെങ്കിലുമൊക്കെ നടക്കുമെന്ന് കണക്കു കൂട്ടി കൊച്ചിയില്‍ ചാനല്‍പ്പട

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഇനി 24 മണിക്കൂര്‍ മാത്രമാണ് ഉള്ളത്. ശിവശങ്കറിനെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യം ശാസ്ത്രീയമായി കണ്ടെത്തി വേണ്ടത്ര തെളിവ് ശേഖരിക്കുകയാണ് കസ്റ്റംസ്. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യേണ്ടതിന്റെ നിയമോപദേശവും സ്വീകരിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടായേക്കാവുന്ന നൂലാമാലകള്‍ മുന്നില്‍ കാണുന്നുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. വ്യക്തമായ തെളിവില്ലാതെ അറസ്റ്റ് നടത്തിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇങ്ങനെ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോള്‍ വലിയ ചോദ്യങ്ങളാണ് കൊച്ചിയില്‍ നിന്നും ഉയരുന്നത്.
അതോടൊപ്പം ശിവശങ്കറിന്റെ സ്വകാര്യ വിദേശ യാത്രകളും ചര്‍ച്ചയാകുകയാണ്. സ്വകാര്യ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്നു കസ്റ്റംസിനു തെളിവു ലഭിച്ചു. ഇക്കൂട്ടത്തിലെ ഔദ്യോഗിക യാത്രകള്‍ക്കു പോലും സ്വകാര്യ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ യാത്രകള്‍ വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്ത നീക്കമാരംഭിച്ചു.
യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നു. 14 യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു കൂടുതല്‍ യാത്രകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.
ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍, സ്വര്‍ണക്കടത്ത് എന്നിവ വഴി ലഭിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി സ്വപ്ന ദുബായിലേക്കു കൊണ്ടുപോയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 1.90 ലക്ഷം ഡോളര്‍ അതായത് ഏകദേശം 1.38 കോടി രൂപ കൊണ്ടുപോയെന്നു സ്വപ്ന തന്നെ അന്വേഷണ ഏജന്‍സികളോടു സമ്മതിച്ചിരുന്നു. വേറെയും തുക കടത്തിയെന്നും ഇതിനു നയതന്ത്ര ചാനലും എം.ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചുവെന്നുമാണു സംശയിക്കുന്നത്. ഇതു സംബന്ധിച്ച കസ്റ്റംസിന്റെ 'ഫെമ' കേസില്‍ ശിവശങ്കറെയും പ്രതി ചേര്‍ത്തേക്കും.
ഇതുവരെ ഏതാണ്ടു 100 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തെളിവു കാണിച്ച ചോദ്യങ്ങള്‍ക്കു മാത്രമേ ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുള്ളൂ. മറ്റു ചോദ്യങ്ങള്‍ക്ക്, 'അറിയില്ല' എന്നായിരുന്നു മറുപടി. ഈന്തപ്പഴ വിതരണം താനെടുത്ത തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നില്ല. ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു. ഈ ചോദ്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തമായ ഉത്തരം അന്വേഷണ ഏജന്‍സികള്‍ തേടും. ലൈഫ് മിഷന്‍ കരാറിലും സിബിഐ അന്വേഷണം ശിവശങ്കറിലേക്കാണ് എത്തുന്നത്.
ഐഎഎസ്, ഐപിഎസ് കേഡറുകളിലുള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു നടത്തുന്ന വിദേശ യാത്രകള്‍ക്കായാണ് ഔദ്യോഗിക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രമേ ഇത്തരം യാത്രകളില്‍ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്.
ഇങ്ങനെ നിരവധി സംശയങ്ങളാണ് ശിവശങ്കറിന്റെ കാര്യത്തിലുള്ളത്. സ്വപ്നയുമായി ശിവശങ്കറിന് വെറുമൊരു ബന്ധം മാത്രമാണ് ഉള്ളതെന്ന് പറയുമ്പോഴും. പലപ്പോഴും സ്വപ്നയെ ശിവശങ്കര്‍ വഴിവിട്ട് സഹായിച്ചതായി കാണാം. 17,000 കിലോ ഈന്തപ്പഴം വിതരണം ചെയ്ത കേസിലും ഇതാണ് സംഭവിച്ചത്. പല സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ദുരുപയോഗിക്കുകയും ചെയ്തു. എന്തായാലും വിത്തില്‍ 24 അവേഴ്‌സിനുള്ളില്‍ എല്ലാം അറിയാനാകും.
" f
https://www.facebook.com/Malayalivartha

























