ഒളിവിലെ വേദനയില്‍... വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ നിര്‍ണായകമായി തിങ്കളാഴ്ച; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈക്കോടതിയെ സമീപിക്കും; കോടതി ജാമ്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കുകയോ ജാമ്യം അനുവദിക്കാതിരിക്കുകയോ ചെയ്താല്‍ കൈവിട്ടു പോകും; ഹൈക്കോടതിയിലും നിലപാട് കടുപ്പിക്കാന്‍ പോലീസ്

പലതും പ്രസംഗിക്കാന്‍ കൊള്ളാം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചതാണ്. ഒരാവേശത്തിന് കയ്യടി കിട്ടാനായി ചാനലിലൂടെ എന്തും വിളിച്ച് പറയാമെങ്കിലും അത് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതാണ് ഭാഗ്യലക്ഷ്മിയ്ക്കും ദിയസനയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഉണ്ടായത്. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ഇട്ട യൂ ട്യൂബര്‍ വിജയ് പി നായരെ ആരും ന്യായീകരിക്കുന്നില്ല. അതേസമയം വീട്ടില്‍ കയറി അദ്ദേഹത്തെ കൈകാര്യം ചെയ്തതും തെറിവിളിച്ചതും പരക്കെ വിമര്‍ശനത്തിന് പാത്രമായി. ഇതോടെയാണ് ഇവര്‍ക്കെതിരെ വിജയ് പി നായര്‍ കേസ് കൊടുത്തത്.
ആദ്യം അഭിമാനപൂര്‍വം തങ്ങള്‍ ചെയ്തതിനെ ന്യായീകരിച്ച ഭാഗ്യലക്ഷ്മിയും കൂട്ടരും പിന്നീട് വിജയ് പി നായര്‍ കേസ് കൊടുത്തു എന്നറിഞ്ഞതോടെ വല്ലാണ്ടായി. ജാമ്യമില്ലാത്ത ശക്തമായ കേസാണ് പോലീസ് എടുത്തതെന്ന് അറിഞ്ഞതോടെ അവര്‍ പൊട്ടികരയുകയും ചെയ്തു. എന്നാല്‍ അവര്‍ പറഞ്ഞത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോട്ടെ അഭിമാന പൂര്‍വം ജയിലില്‍ പോകുമെന്നാണ്.
ഇവരുടെ ഈ വാക്കുകള്‍ അറംപറ്റിയതായി സെഷന്‍സ് കോടതിയിലെ ജാമ്യം നിഷേധിച്ചതോടെ വ്യക്തമായി. ഉടന്‍ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് നടത്തി. ഇതിനിടെ ഇവര്‍ ഒളിവില്‍ പോകുകയും ചെയ്തു. മൊബൈലിലും കിട്ടുന്നില്ല. ഹൈക്കോടതിയില്‍ ജാമ്യം ലഭിക്കുന്നതുവരെ ഒളിവ് തുടരാനാണ് സാധ്യത. അതേ സമയം പോലീസും അല്‍പം അയഞ്ഞിട്ടുണ്ട്. ഹൈക്കോടതി ജാമ്യം നല്‍കുന്നെങ്കില്‍ നല്‍കിക്കോട്ടെ. എന്നിട്ട് മതി അറസ്റ്റ്. എന്നുകരുതി പിന്നോട്ടില്ല. കോടതിയിലും ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തതിനെ ശക്തമായി എതിര്‍ക്കാനാണ് നീക്കം.
വീഡിയോ ലൈവായിട്ട് ഇവര്‍ തന്നെയാണ് ശക്തമായ തെളിവ് ഉണ്ടാക്കിയത്. അയാള്‍ക്ക് നാല് തെറിവിളിച്ച് രണ്ടടി ആരും കാണാതെ കൊടുത്തിരുന്നെങ്കില്‍ വിജയ് ഇനി എന്തൊക്കെ കേസ് കൊടുത്താലും തെളിയിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കൊടുക്കുന്ന അടി ലൈവായി കാണിച്ച് സര്‍ക്കാരിനും പോലീസിനും നാട്ടുകാര്‍ക്കും രണ്ടടി കൊടുക്കാന്‍ ശ്രമിച്ചതാണ് പൊല്ലാപ്പയത്. ഇതാണ് ശക്തമായ തെളിവായതും.
അതേസമയം യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകള്‍ക്ക് പുറമെ ഹൈകോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.
കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ തീരുമാനം. വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും വാദിക്കുക. ചുമത്തിയ കുറ്റങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. അറസ്റ്റ് ഉടനെയില്ലെങ്കിലും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ് ഭാഗ്യലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മിയും. എന്തായാലും ഉടനറിയാം ഇതിന്റെ ക്ലൈമാക്‌സ്.
"
https://www.facebook.com/Malayalivartha

























