മൊഴി കടുപ്പം... ശിവശങ്കര്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കി അടുത്തയാഴ്ച ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന; എം ശിവശങ്കറിന് സുപ്രധാന തസ്തിയയില്‍ വീണ്ടും നിയമനം നല്‍കിയേക്കും

മന്ത്രി കെ.ടി. ജലീലിനെതിരെ എം. ശിവശങ്കര്‍ നല്‍കിയ മൊഴി നിര്‍ണായകമാകുന്നു. അടുത്തയാഴ്ച ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ആദ്യമായാണ് ജലീലിനെതിരെ ഇത്രയും വിശ്വസനീയമായ മൊഴി ഒരു അന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്.
അതേ സമയം കസ്റ്റംസിന്റെ കൂടി ക്ലീന്‍ ചിറ്റ് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന തസ്തിയയില്‍ നിയമനം നല്‍കിയേക്കും. ആറ് മാസത്തില്‍ കൂടുതല്‍ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയില്ല. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തത് ഇതേ നിയമം ഉപയോഗിച്ചാണ്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയാല്‍ തന്നെ അത് നിയമപരമായി നിലനില്‍ക്കില്ല. കാരണം അദ്ദേഹത്തിനെതിരെ ഒരു ഏജന്‍സിയും എഫ് ഐ ആര്‍ ഇട്ടിട്ടില്ല.
സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് നിരവധി ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രിക്കെതിരെ കമാ എന്ന് ഒരക്ഷരം മിണ്ടാത്തതിലുള്ള പ്രതിഫലമായിരിക്കും ശിവശങ്കറിന് ലഭിക്കുന്ന സ്ഥാനലബ്ധി. തന്നോടുള്ള വിശ്വസ്തത ശിവശങ്കര്‍ കാത്തുസൂക്ഷിച്ചതായി മുഖ്യമന്ത്രി കരുതുന്നു.
കസ്റ്റംസ് ചൊവ്വാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. സ്വപ്നയെ സ്വര്‍ണ്ണം കടത്താന്‍ ശിവശങ്കര്‍ സഹായിച്ചെന്ന് തെളിയിക്കാനുള്ള ഒരു മൊഴിയും കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കാ ഇതേ വരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ചയും അദ്ദേഹത്തെയും ചോദ്യം ചെയത് വെറുതെ വിടും. അന്ന് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍ ഐ എയും എന്‍ഫോഴ്‌സ്‌മെന്റും ശിവശങ്കറിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി കഴിഞ്ഞു. ശിവശങ്കറിന്റെ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച ഇവര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് വരവില്‍ കവിഞ്ഞ സ്വത്തോ സമ്പാദ്യമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് എം. ശിവശങ്കര്‍ ആവര്‍ത്തിച്ചത് വഴി മുഖ്യമന്ത്രിക്ക് ലഭിച്ച ആശ്വാസം ചെറുതല്ല. ഈന്തപ്പഴവിതരണത്തില്‍ മുഖ്യമന്ത്രിയോട് ഒരുമിനിറ്റ് നേരത്തേക്ക് വന്ന് ഉദ്ഘാടനംചെയ്യാന്‍ താനാണ് ആവശ്യപ്പെട്ടതെന്ന് ശിവശങ്കര്‍ വെളിപ്പെടുത്തി. അറിവില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി എങ്ങനെയാണ് പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായതെന്ന ചോദ്യത്തിന് ശിവശങ്കര്‍ മറുപടി പറഞ്ഞത്, താന്‍ നിര്‍ബന്ധിച്ചിട്ടാണ് മുഖ്യമന്ത്രി വന്നത് എന്നായിരുന്നു.
കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെ പരസ്യമായി ന്യായീകരിക്കുമ്പോഴും ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. മന്ത്രി ജലീല്‍ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുമ്പ് സര്‍ക്കാരില്‍നിന്ന് ഒരുതരത്തിലുള്ള അനുമതിയും ചോദിച്ചിട്ടില്ലായിരുന്നുവെന്ന് ശിവശങ്കറിന്റെ മൊഴിയോടെ വ്യക്തമായി. അനുമതി വാങ്ങിയില്ലായിരുന്നെന്ന് മൊഴിവന്നതോടെ വിഷയത്തില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യംചെയ്‌തേക്കുമെന്നാണ് സൂചന. ഇത് ജലീലിനെ പ്രതിസന്ധിയിലാക്കും. ജലീല്‍ പ്രോട്ടോക്കോള്‍ നടത്തിയെന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ ചുരുക്കം.
ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും എത്രനാള്‍ മുഖ്യമന്ത്രിക്ക് അസത്യങ്ങളുടെ മൂടുപടം കൊണ്ട് സത്യത്തെ മറയ്ക്കാന്‍ കഴിയുമെന്നും കെ. പി. സി.സി. പ്രസിഡന്റ് ചോദിച്ചു.
മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ തന്നെ അറിയാമായിരുന്നു. സ്‌പേസ് പാര്‍ക്കിലെ അവരുടെ നിയമനം അദ്ദേഹത്തിന്റെ അറിവോടെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ സ്വപ്ന ഇക്കാര്യം വ്യക്തമാക്കുന്നു. സ്വന്തം വകുപ്പില്‍ നടന്ന നിയമനം അറിഞ്ഞില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനത്തെ വിഢികളാക്കാന്‍ വേണ്ടിയാണെന്ന ആരാപണം ശക്തമാണ്. എന്നാല്‍ സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് മുഖ്യമന്ത്രിയല്ല. ഒരു സ്വകാര്യ കമ്പനിയാണ്. അത്തരമൊരു കമ്പനിയുടെ നിയമനം മുഖ്യമന്ത്രി അറിയേണ്ട കാര്യമേയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് സ്വപ്നയും ശിവശങ്കറുമാണ്. എന്നാല്‍ മുഖ്യമന്ത്രി കോണ്‍സുലേറ്റിനെ കണ്ടതില്‍ ഒരു ഏജന്‍സിക്കും തെറ്റു പറയാനാവില്ല. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവാണ്. അവിടെ അദ്ദേഹം വിശിഷ്ടാതിഥികളെ സ്വീകരിക്കാറുണ്ട്. കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വസ്തുതയുണ്ടെങ്കിലും തെറ്റു പറയാനാവില്ല.
" f
https://www.facebook.com/Malayalivartha

























