ലൈഫായി ലൈഫ്... രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ലൈഫില്‍ നിന്ന് ലൈഫും കൊണ്ട് ഓടി രക്ഷപ്പെടാന്‍ സി ബി ഐക്ക് പച്ചക്കൊടി; സി ബി ഐ അന്വേഷണത്തിന് പൂര്‍ണ വിരാമമെന്ന് സൂചന

ലൈഫ് മിഷനില്‍ സി ബി ഐ അന്വേഷണത്തിന് പൂര്‍ണ വിരാമം. അന്വേഷണം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ലൈഫില്‍ നിന്ന് ലൈഫും കൊണ്ട് ഓടി രക്ഷപ്പെടാന്‍ സി ബി ഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി. കേന്ദ്ര മന്ത്രിസഭയിലെ ഉന്നതനായ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നറിയുന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ പിണറായിക്ക് ഒപ്പം നില്‍ക്കുന്ന കേന്ദ്രമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നീക്കം ശക്തമാക്കിയത്.
എഫ് ഐ ആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും നിര്‍ണായക വിജയമായി മാറിയിരിക്കുകയാണ് സി പി എമ്മിന് ഹൈക്കോടതി വിധി. ഇലക്ഷനിലേക്ക് പോകുന്ന ഒരു സര്‍ക്കാരിന് ഇതില്‍ പരം സന്തോഷത്തിന് മറ്റൊന്നുമില്ല. യൂണിടെക്കിനെ കുറിച്ച് അന്വേഷണം നടന്നാല്‍ തന്നെ സര്‍ക്കാരിനോ സി പി എമ്മിനോ ഒരു ചുക്കുമില്ല.
രണ്ടു മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്. രണ്ടു മാസമാകുമ്പോള്‍ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കും. തെരഞ്ഞടുപ്പിന്റെ ചൂടില്‍ സി ബി ഐ അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ല. ആറിയ കഞ്ഞി പഴം കഞ്ഞി എന്നാണല്ലോ ചൊല്ല്.
ഇനി സ്വപ്ന സുരേഷിന് എന്‍ ഐ എ കോടതിയില്‍ നിന്ന് ജാമ്യം കൂടി ലഭിക്കുമ്പോള്‍ കഴിഞ്ഞ 6 മാസമായി പിണറായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതപര്‍വത്തിന് താത്കാലിക പര്യവസാനമാകും. അതായത് പിണറായിക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ചുരുക്കം.
അങ്ങനെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തു നടക്കുന്ന തെരഞ്ഞടുപ്പിനെ സധൈര്യം നേരിടാനുള്ള സര്‍ക്കാര്‍.
ലൈഫ് മിഷനിലെ സി ബി ഐ അന്വേഷണം വെള്ളത്തിലാവുകയും കസ്റ്റംസ് കേസില്‍ സ്വപ്നക്ക് ജാമ്യം കിട്ടുകയും ജോസ് കെ മാണി ഇടത്തേക്ക് മറിയുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ ഇടനെഞ്ചില്‍ അങ്കലാപ്പുണ്ടായത് സ്വാഭാവികം മാത്രം.
ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവിന് വിവിധ മാനങ്ങളുണ്ട്. സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി സി ബി ഐക്ക് മുന്നോട്ട് പോകാം എന്ന് വിധിയില്‍ പറയുന്നു. അതില്‍ സിപിഎമ്മിന് യാതൊരു പ്രയാസവുമില്ല. കാരണം ഈപ്പന്‍ സിപിഎമ്മിനെതിരെ ഒരക്ഷരം മിണ്ടില്ല. അങ്ങനെ മിണ്ടിയാല്‍ വടക്കാഞ്ചേരി ഫ്‌ലാറ്റിന്റെ ബലക്കുറവിനെ കുറി ച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തും. അത്തരമൊരു അന്വേഷണം നടന്നാല്‍ ഈപ്പന്‍ കേസില്‍ കുരുങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് തികച്ചും അപ്രതീക്ഷിതമായി ഹൈക്കോടതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സുപ്രിംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ . കെവി വിശ്വനാഥനെ ഓണ്‍ലൈനായി എത്തിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. ഇത്തരമൊരു വിധി ഉണ്ടായില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലായേനെ.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. രണ്ട് സ്വകാര്യ കക്ഷികള്‍ക്കിടയിലാണ് കരാറെന്നും സര്‍ക്കാരോ സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷനോ ബന്ധമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രസ്തുത വാദത്തില്‍ കഴമ്പില്ലെന്നാണ് ഹൈക്കോടതി അദ്യഘട്ടത്തില്‍ പറഞ്ഞത്.കാരണം യൂണിടാക്കും റെഡ്ക്രസന്റും കെട്ടിടം നിര്‍മ്മിക്കുന്നത് സര്‍ക്കാരിന് വേണ്ടിയാണ്. യുണിടാക്കുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാറോ ലൈഫ് മിഷനോ കക്ഷിയാകുണെങ്കില്‍ മാത്രമെ അന്വേഷണം സിബിഐക്ക് അത്തരത്തിലേക്ക് മാറ്റാന്‍ കഴിയു എന്നും ഹൈക്കോടതി പറഞ്ഞു..
സര്‍ക്കാര്‍ വാദത്തിന് വലിയ വിജയമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. സര്‍ക്കാരിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനും കോടതിയെ സമീപിച്ചിരുന്നു. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചു. എന്നാല്‍ ഇടപാട് എഇഞഅ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് സിബിഐ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി.
പിണറായിക്ക് കോവിഡ് കാലത്ത് കിട്ടിയ ഓക്‌സിജനായിരുന്നു ഹൈക്കോടതി വിധി. അതില്‍ അദ്ദേഹം കടപ്പെട്ടിരിക്കുന്നത് കേരള ഹൈക്കോടതിയോട് തന്നെയാണ്. തന്റെ പത്ര സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു. അപ്പീല്‍ പോകുന്നതില്‍ നിന്നും സി ബി ഐയെ വിലക്കാനായിരിക്കും മുഖ്യമന്ത്രി ശ്രമിക്കുക.
"
https://www.facebook.com/Malayalivartha

























