ഭരതന്നൂരിലെ ആദര്‍ശിന്റെ ദുരൂഹമരണം: വസ്ത്രത്തില്‍ പുരുഷബീജം; റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല

മകനെ നഷ്ടമായ ഒരു അച്ഛന്റെയും അമ്മയുടെയും തോരാത്ത കണ്ണീരിന് പതിനൊന്നരവര്‍ഷം ദൈര്‍ഘ്യമായി. ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ ദുരൂഹമരണത്തിന്റെ ഉത്തരംതേടി റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല. പക്ഷെ റിപ്പോര്‍ട്ട് ഒരു വര്‍ഷമായിട്ടും കിട്ടാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൈംബ്രാഞ്ച് സംഘം തിരിഞ്ഞു നോക്കിയിട്ടില്ലെന്ന വിഷമത്തിലാണു മാതാപിതാക്കള്‍. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇനിയും വന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
പാല്‍ വാങ്ങാനായി പോയ ആദര്‍ശെന്ന 13-കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് പതിനൊന്നര വര്‍ഷമായി. ആദര്‍ശിന്റെ മൃതദേഹം വഴിയരികിലെ കുളത്തില്‍ നിന്നാണ് കിട്ടിയത്. മുങ്ങിമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കും സുഷുമ്‌ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്നു കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പക്ഷെ അന്വേഷണം അവിടെ തീര്‍ന്നു. വെള്ളം കുടിച്ചാണോ മരണം എന്നതുള്‍പ്പെടെ മരണകാരണം കൃത്യമായി അറിയാനാണ് റീപോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ലക്ഷ്യമിട്ടത്.
https://www.facebook.com/Malayalivartha

























