ചൂടാറും മുമ്പേ... തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്തിയെങ്കിലും നിയമസഭയ്ക്കായി ഒരുമുഴം മുന്നേയെറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍; ബി.ജെ.പി നേടിയ നേമം മണ്ഡലത്തിലെ സുരേഷ് ഗോപിയെന്ന് സൂചന; എല്‍.ഡി.എഫ് കളത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത് രണ്ട് പ്രമുഖരെ

കേരളം ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. കൊറോണ പേടിയില്‍ ഇറങ്ങിനടന്നുള്ള ചൂട് കുറയുമെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ചൂട് കൂട്ടാനാണ് എല്ലാവരും നോക്കുന്നത്. ഉടന്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും മൂന്ന് മുന്നണികളിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിലൂടെ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കാരണമായ നേമം മണ്ഡലത്തില്‍ ഇത്തവണ ആര് വേണമെന്നും മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം പാര്‍ട്ടി, മുന്നണി അനുകൂലികള്‍ കാര്യമായി തന്നെ ചര്‍ച്ച നടത്തുന്നുണ്ട്.
2011ല്‍ ഒ. രാജഗോപാലിനെ ശിവന്‍കുട്ടി പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2016ല്‍ ശിവന്‍കുട്ടിയെയും യു.ഡി.എഫിന്റെ വി. സുരേന്ദ്രന്‍ പിള്ളയെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഒ. രാജഗോപാല്‍ നിയമസഭയിലേക്ക് എത്തിയത്. പ്രായാധിക്യം കാരണം ഇനി മത്സര രംഗത്തേക്കില്ലെന്ന് ഒ. രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഏക സിറ്റിംഗ് മണ്ഡലമാണ് നേമം. അതിനാല്‍ തന്നെ നേമം വിട്ടുകളയാന്‍ ബിജെപി കേന്ദ്ര നേതൃത്വവും ആഗ്രഹിക്കില്ല. ഏറ്റവും വിജയ സാധ്യതയുള്ളയാളിനെയായിരിക്കും ഇറക്കുക. അതില്‍ മുന്നില്‍ നില്‍ക്കുന്നത് സുരേഷ് ഗോപിയാണ്. രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകരും മണ്ഡലത്തില്‍ മുന്നോട്ട് വെക്കുന്നത്. നേതൃത്വത്തിന്റെ മനസിലും അത്തരമൊരു ആലോചയുണ്ടെന്നാണ് സൂചനകള്‍.
സുരേഷ് ഗോപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. അദ്ദേഹത്തിന്റെ തൃശൂര്‍ ഞാനിങ്ങെടുക്കുവാ പ്രയോഗവും പ്രസംഗങ്ങളും ജനം ഏറ്റെടുത്തു. വീട്ടില്‍ വന്ന് ചോറും വീട്ടിലുള്ള കറിയും കഴിക്കുന്ന സുരേഷ് ഗോപിയെ വീട്ടമ്മമാരും ഇഷ്ടപ്പെട്ടു. ഇതോടെ സുരേഷ് ഗോപി ജയിക്കുമെന്നും കരുതി. പക്ഷെ അപ്രതീക്ഷിതമായി സുരേഷ് ഗോപി തോറ്റെങ്കിലും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന പ്രതീതി വന്നു. പക്ഷെ ഇപ്പോള്‍ നേമമാണ് സുരേഷ് ഗോപിയ്ക്കായി കാത്തിരിക്കുന്നത്.
എല്‍.ജെ.ഡിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് കാരണം യു.ഡി.എഫിന്റെ വോട്ട് കുറയുന്നതായി കാണുന്നതുകൊണ്ട് ഇത്തവണ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ തന്നെ നേമത്ത് സ്ഥാനാര്ഥിയാക്കാനാണു യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ആരുടേയും പേരുകള്‍ ഇതേവരെ പറഞ്ഞുകേട്ടിട്ടില്ല.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മുന്‍ എം.എല്‍.എ ബി. ശിവന്‍കുട്ടിയെയോ ഐ.പി ബിനുവിനെയോ തിരഞ്ഞെടുക്കുമെന്നാണ് സോഷ്യല്‍ മീഡിയാ സംവാദങ്ങള്‍ സൂചിപിക്കുന്നത്.
മുന്നണിയുമായി ബന്ധപ്പെട്ട പല പ്രമുഖരും സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഐ.പി ബിനുവിനെയാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ബി. ശിവന്‍കുട്ടി നേമത്ത് സ്ഥാനാര്‍ത്ഥിയായി എത്താനുള്ള സാദ്ധ്യതയേയും അങ്ങനെ തള്ളിക്കളയാന്‍ കഴിയില്ല.
സുരേഷ് ഗോപി വന്നാല്‍ തീ പാറാനാണ് സാധ്യത. എംപിയെന്ന നിലയിലും വലിയ പ്രവര്‍ത്തനമാണ് സുരേഷ് ഗോപി നടത്തിയത്. 'എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്‌െ്രെടക്ക് 'പെമ്പിളൈ ഒരുമൈയ്‌ക്കൊപ്പം.' എന്ന സുരേഷ് ഗോപിയുടെ പോസ്റ്റ് അവസാനത്തെ ഉദാഹരണമാണ്. പുതിയ രാഷ്ട്രീയനീക്കമാണോ ഇതെന്ന ആകാംക്ഷയും ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നു. ചിത്രീകരണം തുടരുന്ന കാവലിന്റെ ലൊക്കേഷനിലായിരുന്നു ഈ കൂടിക്കാഴ്ച. സംഘടനാ നേതാവ് രാജേശ്വരിക്കും തെരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച് നല്‍കാനുള്ള സന്നദ്ധത സുരേഷ് ഗോപി എംപി മുന്‍പ് അറിയിച്ചിരുന്നു.
മുന്‍പ് ഇടുക്കി വട്ടവടയിലെ കുടിവെള്ള ക്ഷാമത്തിനും അദ്ദേഹം പരിഹാരം കണ്ടിരുന്നു. കാലവര്‍ഷത്തിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്ന നാടിന് സുരേഷ് ഗോപി അനുവദിച്ച 74 ലക്ഷം രൂപയുടെ സഹായം ജലവിതരണ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായിരുന്നു. ഇങ്ങനെ വലിയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന സുരേഷ് ഗോപിയേയും കാത്തിരിക്കുകയാണ് നേമത്തുകാര്‍. ഒ. രാജഗോപാലിന്റെ പിന്‍ഗാമിയാകാന്‍.
"
https://www.facebook.com/Malayalivartha