നമ്മള്‍ക്കുമുണ്ടേ പിറന്നാള്‍... ശിവശങ്കറിന് സ്വപ്ന നല്‍കിയ പിറന്നാള്‍ സമ്മാനങ്ങള്‍ അമ്പരപ്പിക്കുന്നത്; ആദ്യം വാച്ച്; പിന്നെ ലാപ്‌ടോപ്; ഐ ഫോണ്‍; എല്ലാം വിശ്വസിച്ചെന്ന് സമ്മതിച്ച് ശിവശങ്കറിനെ തെങ്ങിന്റെ താഴെയിറക്കാനുറച്ച് പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദര

നമുക്കൊക്കെ എത്രയത്ര പിറന്നാള്‍ വന്നിട്ടും പോയിട്ടുമുണ്ട്. പരമാവധി ഒരു ഡ്രസ് അല്ലെങ്കില്‍ ഒരു 100 രൂപയില്‍ താഴെയുള്ള ഗിഫ്റ്റ്. അതിലപ്പും സുഹൃത്തുക്കളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. നമ്മളും അത്രയൊക്കെയല്ലേ കൊടുത്തിട്ടുമുള്ളൂ. എന്നാല്‍ നമ്മുടെ സ്വപ്ന സുരേഷ് ശിവശങ്കറിന് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് നമ്മുടെ കണ്ണ് തള്ളുകയാണ്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളില്‍ ഒന്ന് തനിക്ക് പിറന്നാള്‍ സമ്മാനമായി സ്വപ്ന സമ്മാനിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ 3 വര്‍ഷവും സ്വപ്ന തനിക്ക് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നെന്നും ശിവശങ്കര്‍ പറയുന്നു. ആദ്യം തന്നത് രണ്ട് വില കൂടിയ വാച്ചുകള്‍, രണ്ടാം വര്‍ഷം ലാപ്‌ടോപ്, 2020 ജനുവരിയിലാണ് ഐ ഫോണ്‍ സമ്മാനിച്ചത്. താനും പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി ശിവശങ്കര്‍ മൊഴി നല്‍കി.
2019 ഡിസംബറില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കു നല്‍കിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്റെ കയ്യിലാണെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.
ശങ്കരന്‍ വീണ്ടും തെങ്ങിമ്മേല്‍ തന്നെ എന്ന് പറയുന്നത് പോലെയാണ് ശിവശങ്കറിന്റെ അവസ്ഥയും. എന്ത് പറഞ്ഞാലും കറങ്ങിത്തിരിഞ്ഞ് പഴയ പല്ലവി തന്നെ. ഇതോടെ അന്വേഷണത്തില്‍ ഒന്നൊന്നര ട്വിസ്റ്റുണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഇഡി. ഇത് പ്രകാരം പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദരയാകും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വപ്നയെ ജയിലില്‍ വീണ്ടും ചോദ്യം ചെയ്യാനും ഇഡി കോടതിയുടെ അനുമതി തേടും. വേണ്ടിവന്നാല്‍ ഇനിയും സ്വപ്നയേയും ശിവശങ്കറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വളരെ കുറച്ച് ദിവസം മാത്രമേ ഇഡി കസ്റ്റഡിയുള്ളൂ എന്നതിനാല്‍ പുതിയ ഇഡി ജോ. ഡയറക്ടര്‍ പുതിയ മാര്‍ഗങ്ങളിലൂടെയായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ശാസ്ത്രീയ മാര്‍ഗങ്ങളും നോക്കുന്നതായിരിക്കും.
അതേസമയം ഇഡിയുടെ അന്വേഷണ രീതി മാറിയതോടെ ശിവശങ്കര്‍ വഴങ്ങിയിട്ടുണ്ട്. ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖംതിരിച്ചും ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പിടിച്ചുനിന്ന ശിവശങ്കറിനെ കോടതി വീണ്ടും ഇഡി കസ്റ്റഡിയില്‍ നല്‍കിയതോടെ അദ്ദേഹം ചോദ്യങ്ങള്‍ക്കു വഴങ്ങിത്തുടങ്ങി.
ശിവശങ്കറും സ്വപ്നയും ചേര്‍ന്നുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അറിയാവുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ മുന്നിലിരുത്തി ഇന്നലെ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹം അന്വേഷണ സംഘത്തിന്റെ വരുതിക്കു വന്നതെന്നാണു സൂചന. കസ്റ്റഡിയിലുള്ള 3 ദിവസങ്ങള്‍ ഇനി നിര്‍ണായകമാണ്.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങള്‍ ഇനിയും മറച്ചുപിടിച്ചിട്ടു കാര്യമില്ലെന്ന തോന്നല്‍ ശിവശങ്കറിനുണ്ടാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞു. കോഫെപോസ ചുമത്തപ്പെട്ട സാഹചര്യത്തില്‍ സ്വപ്ന സുരേഷും അന്വേഷണത്തോടു സഹകരിച്ചു തുടങ്ങി.
ശിവശങ്കറിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നീക്കം ഇഡി ആരംഭിച്ചതും പുനര്‍വിചാരത്തിനു ശിവശങ്കറെ പ്രേരിപ്പിച്ചു. സാക്ഷിയോ മാപ്പുസാക്ഷിയോ ആകാനുള്ള സാധ്യത ശിവശങ്കറെ ഇഡി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ വേണുഗോപാലിനോടൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിരുന്നു. വേണുഗോപാല്‍ ഒരു മയവുമില്ലാതെ എല്ലാം തുറന്ന് പറഞ്ഞതോടെ ചിലതെങ്കിലും ശിവശങ്കറിനും തുറന്ന് പറയേണ്ടി വന്നു. അതിനുള്ളിലെ കാര്യങ്ങള്‍ ഇഡി പരിശോധിച്ചപ്പോഴാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. അതിന് പിന്നാലെയാണ് പുതിയ ഇഡി ഉദ്യോഗസ്ഥന്റെ വരവ്. ഇനിയെല്ലാം ഉടനറിയാം.
"
https://www.facebook.com/Malayalivartha