വേലയിറക്കിയാല്‍ വേറെ വേല... എന്‍ഫോഴ്‌സ്‌മെന്റിനെ കബളിപ്പിച്ച് ബിനീഷ് കോടിയേരിക്ക് കസ്റ്റഡിയില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കി; പോലീസ് സ്റ്റേഷനിലെ ഫോണ്‍വിളി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; കര്‍ണാടക പോലീസിലും അടുപ്പക്കാര്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ വരിഞ്ഞുമുറുക്കി ഇഡി

കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ് ബിനീഷ് കോടിയേരി. ഇവിടത്തെ ജയിലിലാണ് ബിനീഷ് കഴിയേണ്ടി വന്നിരുന്നെങ്കില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഒരു മീന്‍ കുഞ്ഞും അറിയുമായിരുന്നില്ല. ബിജെപി ഭരിക്കുന്ന കര്‍ണാടകമായിട്ടു കൂടി ബിനീഷ് കോടിയേരിക്ക് ജയിലിലും മികച്ച സൗകര്യങ്ങള്‍ ലഭിച്ചതായി ഇഡിയുടെ വിലയിരുത്തല്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍ വെറുതേയൊന്ന് ബിനീഷിനെ നിരീക്ഷിച്ചതേയുള്ളൂ. ദേ എല്ലാം മണിമണിയായി പുറത്തുവന്നു.
സുരക്ഷ മുന്‍നിറുത്തി രാത്രിയില്‍ പാര്‍പ്പിച്ച വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ബിനീഷിനെ രാത്രിയില്‍ പാര്‍പ്പിക്കുന്നത് കബ്ബണ്‍ പാര്‍ക്ക് സ്‌റ്റേഷനിലേക്ക് മാറ്റി. സ്‌റ്റേഷനില്‍ വച്ച് ബിനീഷ് ഫോണുപയോഗിച്ചത് രഹസ്യാന്വേഷണ ഏജന്‍സികളാണ് കണ്ടെത്തിയത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയവരെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഇതിന് ഒത്താശ ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ബുധനാഴ്ചയാണ് ബിനീഷിന്റെ ഇ.ഡി കസ്റ്റഡി അവസാനിക്കുക.
ഇ.ഡിയുടെ കസ്റ്റഡി തീര്‍ന്നാലുടന്‍ ബിനീഷിനെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങും. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപില്‍ നിന്ന് ബിനീഷിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. എന്‍.സി.ബി ബംഗളൂരു യൂണി?റ്റ് ഡയറക്ടര്‍ അമിത് ഗവാത്തെ, ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബിനീഷിനെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സറ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം എന്‍.സി.ബി കേസെടുക്കാനിടയുണ്ട്.
ബിനീഷിന്റെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡ് എന്നിവയെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. ബിനീഷ് ഡയറക്ടറായ ബീ ക്യാപി?റ്റല്‍ ഫോറെക്‌സ് ട്രേഡിംഗ് (ബംഗളൂരു), ബീ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോള്‍ അവ വ്യാജ കമ്പനികളാണെന്നു വ്യക്തമായെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
2015ല്‍ ബംഗളൂരുവിലാണ് സുഹൃത്തുമായിച്ചേര്‍ന്ന് ബി. ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിനീഷ് ആരംഭിച്ചത്. 2018ല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തി. ഈ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ നിഗമനം. ബിനീഷിന്റെ ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള കൊച്ചിയിലെ റയിന്‍ഹ ഇവന്റ് മാനേജ്‌മെന്റ്, ബംഗളൂരുവിലെ യോഷ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ബിനീഷിനുവേണ്ടിയാണ് കമ്പനികള്‍ നടത്തിയിരുന്നതെന്നാണ് മുഹമ്മദ് അനൂപ് മൊഴി നല്‍കിയത്.
അതിനിടെ ബിനീഷിനെ വരിഞ്ഞ് മുറുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മയക്കുമരുന്നിലെ ബിനീഷിന്റെ പങ്ക് അന്വേഷിക്കാന്‍ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ പിന്നെ ജാമ്യം ലഭിക്കുക അസാധ്യമാണ്. മയക്ക് മരുന്ന് കേസില്‍ അകത്തായാല്‍ അത് കേരളത്തിലും വലിയ ചലനങ്ങളുണ്ടാക്കും. ബിനീഷ് ഡോണും അല്ല ബോസും അല്ലെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞത്. എല്ലാവരും കൂടി ബിനീഷിനെ അങ്ങനെ ആക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. എന്തായാലും എന്തുണ്ടാകുമെന്ന് ഉടന്‍ കാണാം.
"
https://www.facebook.com/Malayalivartha