ഒന്നു പേടിപ്പിച്ച് വിട്ടാല്‍ മതി... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ കുട്ടിയെ ഇഡി തടഞ്ഞ് വച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞ് കേസുടുത്ത ബാലാവകാശ കമ്മീഷന്‍ പിന്‍മാറി; കോടതി വാറണ്ടുമായെത്തിയ ഇഡിയെ ചൊറിഞ്ഞ് പണിവാങ്ങിക്കൂട്ടെണ്ടെന്ന് നിയമ വിദഗ്ധര്‍

ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസില്‍ നടന്ന റെയ്ഡ് കേരളം മൊത്തം ചര്‍ച്ച ചെയ്തതാണ്. ബിനീഷിന്റെ രണ്ടര വയസുള്ള കുട്ടിയെ ഇഡി തടഞ്ഞുവച്ച് പീഡിപ്പിക്കുന്നു എന്ന ബന്ധുക്കളുടെ പരാതിയിന്‍ മേലാണ് ബാലാവകാശ കമ്മീഷന്‍ ശര വേഗത്തില്‍ ഓടിയെത്തിയത്. കുട്ടിയെ ഇറക്കി വിടാനായി കൂടെയുണ്ടായിരുന്നവര്‍ ആക്രോശിക്കുകയും ചെയ്തു. കമ്മീഷനെ ഗേറ്റ് തുറന്ന് അകത്ത് കയറ്റാതിരുന്നതോടെ സിആര്‍ഫിഎഫുകാര്‍ക്ക് നോട്ടീസ് കൊടുത്തു. നോട്ടീസ് കണ്ട ഇഡി കുട്ടിയേയും അമ്മ റെനീറ്റയേയും അമ്മായിയമ്മ മിനിയേയും പുറത്തേക്കിറക്കി. തടഞ്ഞുവച്ചെന്നു പറയുന്ന കുട്ടി പയറുമണിയായി ഇറങ്ങി വരുന്നു. വരുന്നത് അമ്മയോടും മുത്തശിയോടുമൊപ്പവും. അവര്‍ തന്നെ പറയുന്നു വിശ്രമിച്ചോളാന്‍ ഇഡി പറഞ്ഞെന്ന്. കുട്ടിയെ ഉറക്കിയെന്നും പറഞ്ഞു. മാത്രമല്ല ഇഡി തലേദിവസം ഫോണ്‍ ചെയ്താണ് വിളിപ്പിച്ചത്. അപ്പോള്‍ റെയ്ഡ് നടക്കുന്ന സ്ഥലത്ത് ഇവര്‍ക്ക് കുട്ടിയെ കൊണ്ട് വരാതിരിക്കാമായിരുന്നു. മാത്രമല്ല രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ റെനീറ്റയുടെ അച്ഛനെ വിടുകയും ചെയ്തു. അപ്പോഴും കുട്ടിയെ അയക്കാമായിരുന്നു. അതും ചെയ്തില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് ബോധ്യമായതോടെ കേസെടുത്തന്ന് പറഞ്ഞ് ഇഡി തടി തപ്പി.
കോടതി വാറണ്ടുമായെത്തിയ ഇഡിയ്‌ക്കെതിരെ കേസെടുത്താല്‍ അത് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ വ്യക്തമാക്കി. അങ്ങനെ അവസാനം ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡില്‍ ഇടപെട്ട സംഭവത്തില്‍നിന്ന് ബാലാവകാശ കമ്മീഷന്‍ പിന്മാറി എന്ന വാര്‍ത്തയും വന്നു. ബിനീഷിന്റെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി.
ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനാ വേളയില്‍ ബിനീഷിന്റെ ഭാര്യയേയും കുട്ടിയേയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. മാത്രമല്ല ബിനീഷിന്റെ മകനും അവകാശമില്ലേയെന്ന് കോടിയേരി ബാലകൃഷണനും പറഞ്ഞിരുന്നു. അവന്റെ ബാലാവകാശവും സംരക്ഷിക്കണം.
ബാലാവകാശ കമ്മീഷന്റെ അതിശീഘ്രമുള്ള ഇടപെടലിനെ പ്രതിപക്ഷവും ശക്തമായി വിമര്‍ശിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഹവാല ഇടപാടുകള്‍ സംസ്ഥാനത്തെ ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാതെ സി പി എം ബുദ്ധിമുട്ടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലാവകാശ കമ്മിഷന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്തതു പോലെ കുട്ടിയുടെ പ്രശ്‌നം രാഷ്ട്രീയ വിഷയമാക്കി. പൊതു സമൂഹത്തിന് മുന്നില്‍ കുട്ടിയെ അപമാനിച്ച ബാലാവകാശ കമ്മിഷന്‍ രാഷ്ട്രീയമാണ് കളിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ബിനീഷിന്റെ കുട്ടിയെ ഇ ഡി തടഞ്ഞുവച്ചിട്ടില്ല. ഇ ഡിക്ക് ശാരീരികമായും മാനസികമായും ഒന്നും ചെയ്യാനാകില്ല. അന്വേഷണം സുതാര്യമാണ്. കൊവിഡ് സമയത്താണ് രണ്ട് വയസായ കൊച്ചു കുഞ്ഞിനെ ഇത്രയും ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളെ കൈകാര്യം ചെയ്യുമെന്ന് എ കെ ബാലന്‍ പറയുന്നത് അദ്ദേഹത്തിന്റെ പൂതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബാലാവാകാശ കമ്മീഷനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായില്‍ പോയില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. ബിനീഷിന്റെ വീട്ടില്‍ നടന്നത് നാടകമെന്നും ബിനീഷിനെ ആദര്‍ശപുരുഷനാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി. എന്നാല്‍ ഇഡി റെയ്ഡില്‍ മനുഷ്യാവകാശ ലംഘനമുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇങ്ങനെ രാഷ്ട്രീയമായും നിയമപരമായും എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് കണ്ടതോടെയാണ് ബാലാവകാശ കമ്മീഷന്‍ പിന്‍മാറിയതെന്നാണ് കരുതുന്നത്.
L
https://www.facebook.com/Malayalivartha