10 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി; തദ്ദേശ തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്

10 തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി. ഇതിലെല്ലാം പുതിയ സംവരണക്രമം നിശ്ചയിക്കാന്‍ നറുക്കെടുപ്പു നടത്തുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ രാത്രി വൈകി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നാളെയാണ് ഈ 10 സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ നറുക്കെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, അധ്യക്ഷ സ്ഥാന സംവരണങ്ങള്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു തദ്ദേശ തിരഞ്ഞെടുപ്പ് അതോടെ നിയമക്കുരുക്കിലേക്ക നീങ്ങുന്നു. സമാനമായ 129 ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രയാസത്തിലായി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം റദ്ദാക്കിയത് പാലാ മുനിസിപ്പാലിറ്റി, കാലടി പഞ്ചായത്തുകള്‍ എന്നിവയിലെ ഓരോ വാര്‍ഡുകളിലെ സംവരണം നിശ്ചയിച്ചതാണ്. ഒരേ വാര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണം വന്നതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി തീരുമാനം വന്നത്. ഇതിനു പിന്നാലെ ഇന്നലെ 8 തദ്ദേശ സ്ഥാപനങ്ങളിലെ സംവരണങ്ങള്‍ സംബന്ധിച്ച കേസുകളിലും ഹൈക്കോടതി സമാന വിധികള്‍ പുറപ്പെടുവിച്ചു. ഇതും ഇന്നലെ തിരഞ്ഞെടുപ്പു കമ്മിഷന്‍ പരിഗണിച്ചു.
ആവര്‍ത്തനക്രമം അനുസരിച്ചു സംവരണം നിശ്ചയിക്കണമെന്നാണു തദ്ദേശ തിരഞ്ഞെടുപ്പു സംബന്ധിച്ച നിയമത്തില്‍ പറയുന്നതെങ്കിലും ഇത്തവണ അതില്‍ പാളിച്ച സംഭവിച്ചുവെന്നാണു ഹര്‍ജിക്കാരുടെ പരാതി. അപ്പീലിനു പോയാല്‍ നിയമ വ്യവഹാരത്തിലൂടെ സമയനഷ്ടമുണ്ടാകുമെന്നാണു കമ്മിഷന്റെ വിലയിരുത്തല്‍. തുടര്‍ന്നാണു കോടതി വിധി അംഗീകരിക്കാന്‍ തീരുമാനിച്ചത്.
പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികള്‍, കൊല്ലത്തെ ശാസ്താംകോട്ട പഞ്ചായത്ത്, പത്തനംതിട്ടയിലെ അയിരൂര്‍, മൈലപ്ര പഞ്ചായത്തുകള്‍, എറണാകുളത്തെ കാലടി, ശ്രീമൂലനഗരം പഞ്ചായത്തുകള്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് നാളെ നറുക്കെടുപ്പ് നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍.
https://www.facebook.com/Malayalivartha