പിണറായി കലിപ്പിൽ... ഇ.ഡി.യുടെ മറുപടി എങ്ങനെ ചോർന്നു? ഉത്തരം കിട്ടിയേ മതിയാകൂ...വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നശേഷമാണ് നിയമസഭാ സെക്രട്ടറിക്ക് ഇ-മെയിലിൽ മറുപടി ലഭിക്കുന്നത്... എവിടെനിന്ന് ചോർന്നാലും സഭാസമിതിയോടുള്ള അവഹേളനമായിമാത്രമേ ഇത് കാണാനാകൂ! നിയമസഭയ്ക്കു നൽകിയ മറുപടി ചർച്ചചെയ്യാൻ 18-ന് എത്തിക്സ് കമ്മിറ്റി

ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നിയമസഭയ്ക്കു നൽകിയ മറുപടി ചർച്ചചെയ്യാൻ 18-ന് എത്തിക്സ് കമ്മിറ്റി ചേരും. മറുപടി മാധ്യമങ്ങൾക്കുചോർന്നത് ഗൗരവതരമായ വിഷയമാണെന്ന് നിയമസഭാവൃത്തങ്ങൾ വ്യക്തമാക്കി. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നശേഷമാണ് നിയമസഭാ സെക്രട്ടറിക്ക് ഇ-മെയിലിൽ മറുപടി ലഭിക്കുന്നത്. എവിടെനിന്ന് ചോർന്നാലും സഭാസമിതിയോടുള്ള അവഹേളനമായിമാത്രമേ ഇത് കാണാനാകൂവെന്നാണ് വിലയിരുത്തൽ.
അന്വേഷണത്തോടു സഹകരിക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അക്കാര്യത്തിൽ നിയമസഭയോട് അനാദരവില്ലെന്നുമുള്ള ഇ.ഡി.യുടെ മറുപടി തൃപ്തികരമെങ്കിൽ എത്തിക്സ് കമ്മിറ്റിക്ക് തുടർനടപടി അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറെയും പരാതി നൽകിയ എം.എൽ.എ.യെയും സമിതിമുമ്പാകെ വിളിച്ചുവരുത്താനുമാവും. പരാതിയിൽ ഇ.ഡി.യോട് വിശദീകരണം ചോദിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് നിയമസഭാവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഇ.ഡി.യുടെ മറുപടി തിങ്കളാഴ്ച സമിതിക്കുകൈമാറും.
അതേസമയം ലൈഫ് മിഷൻ അഴിമതി കേസിൽ സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയാണെന്നാണ് വിജിലൻസ് പുറത്ത് വിടുന്ന റിപ്പോർട്ടുകൾ. എല്ലാ ഇടപാടുകളും ശിവശങ്കറിൻ്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു. സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നു. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദിന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകുന്നത് ഓഗസ്റ്റ് രണ്ടിനാണ്. കിട്ടിയ പണത്തിൽ ഒരു കോടിയിലേറെ രൂപ ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിനാണ് പണം സ്വപ്നയ്ക്ക് കിട്ടിയത്. ആറാം തീയതി സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്ബിഐ ശാഖയിൽ ലോക്കർ തുറക്കുകയും അവിടെ പരമാവധി പണം നിക്ഷേപിക്കുകയും ചെയ്തു.
ലോക്കർ നിറഞ്ഞതോടെ അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ ഫൈഡറൽ ബാങ്കിലും ലോക്കർ തുറക്കുകയും മിച്ചമുള്ള പണമെല്ലാം ആ ലോക്കറിൽ നിക്ഷേപിക്കുകയും ചെയ്തു. ശിവശങ്കറിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റായ വേണുഗോപാലാണ് ലോക്കറുകൾ തുറക്കാനും പണം നിക്ഷേപിക്കാനും സ്വപ്നയെ സഹായിച്ചത്.ഈ ഇടപാടുകളെല്ലാം നടന്നത് ശിവശങ്കറിൻ്റെ അറിവോടെയായിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. തുടർന്ന് ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാൻ തൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റായ വേണുഗോപാലിൻ്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്. കേന്ദ്ര ഏജൻസികൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ സംസ്ഥാന വിജിലൻസും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്.
എന്നാൽ മക്കളുടെ കോളജ്, സ്‌കൂള്‍ ഫീസ് അടയ്‌ക്കുന്നതില്‍ സ്വപ്‌ന സുരേഷ് പലപ്പോഴും വീഴ്‌ച വരുത്തിയിരുന്നെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍. പണമടയ്‌ക്കാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പലപ്പോഴും കുടിശികയായിട്ടുണ്ട്. ലോക്കറിലെ പണവും സ്വര്‍ണവും സ്വന്തമായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നെന്ന് ഇ.ഡി. കണക്കുകൂട്ടുന്നു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെ ഉടമ ശിവശങ്കറാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണു ലോക്കറിന്റെ സഹഉടമ.
https://www.facebook.com/Malayalivartha