കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത നാളത്തെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഭാഗമാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്തുഷ്ടരാണെന്നും ജീവനക്കാര്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് നടത്തുന്ന സമരത്തിലും മന്ത്രി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധന പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികളുമായി സംസാരിച്ച് മാത്രമെ തീരുമാനം എടുക്കാന്‍ കഴിയുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ കയറി എസ് ടി ടിക്കറ്റ് എടുക്കുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അത് ഒരു പ്രശ്‌നമാണ്. കെഎസ്ആര്‍ടിസിയിലെ പോലെ ഒരു ആപ്പ് സ്വകാര്യബസിനും അനുവദിക്കാം. അത് വച്ച് കുട്ടികള്‍ക്ക് പാസ് വാങ്ങാം. ആര്‍ടിഒയോ ജോയിന്റ് ആര്‍ടിഒയോ ആയിരിക്കും അത് ഇഷ്യൂ ചെയ്യുക. സ്പീഡ് ഗവര്‍ണര്‍ ഊരിയിടാനാണ് അവരുടെ ആവശ്യം, ഇത് നടക്കുമോ നിങ്ങള്‍ പറയൂ. അവര്‍ ചോദിക്കുന്ന സ്ഥലത്ത് പെര്‍മിറ്റ് കൊടുക്കണം എന്നൊക്കെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യം. ഇത് നടത്താന്‍ കഴിയുമോ' ഗണേഷ് കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha