കോഴിക്കോട് നഗരത്തില്‍ വന്‍ വ്യാജ സിഗരറ്റ് വേട്ട, നിയമപ്രകാരമല്ലാതെ വില്‍പനയ്‌ക്കെത്തിച്ച ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റുകള്‍ പിടികൂടി

കോഴിക്കോട് നഗരത്തില്‍ നിയമപ്രകാരമല്ലാതെ വില്‍പനയ്‌ക്കെത്തിച്ച ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റുകള്‍ കസബ പൊലീസ് പിടികൂടി. പാക്കറ്റില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സിഗരറ്റുകളും വിദേശ കമ്പനികളുടെ പേരിലുള്ള വ്യാജ സിഗരറ്റുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിദേശ കമ്പനികളുടെ പേരില്‍ വ്യാജ സിഗരറ്റ് വില്‍പന വ്യാപകമാണെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ജില്ലയിലെ കടകളിലൂടെ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ സിഗരറ്റ് വില്‍പന നടത്തുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇരട്ടി ലാഭം കിട്ടുന്നതിനാല്‍ ചില കച്ചവടക്കാരും ഇതു പ്രോത്സാഹിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണു വില്‍പന. സ്‌കൂള്‍ പരിസരത്തും മറ്റും വിവിധ ഫ്‌ലേവറുകളില്‍ ലഭിക്കുന്ന പല സിഗരറ്റുകളും വ്യാജനാണെന്നു പൊലീസ് പറയുന്നു.
ആരോഗ്യ മുന്നറിയിപ്പ് സിഗരറ്റ് പാക്കറ്റിന്റെ 85% ഭാഗത്തും പതിക്കണമെന്നാണ് നിയമം. പുകയില മൂലമുണ്ടാകുന്ന വായിലെ കാന്‍സറിന്റെ ചിത്രവും ആരോഗ്യ മുന്നറിയിപ്പും ഉള്‍പ്പെടുന്ന ഗ്രാഫിക് ചിത്രീകരണം സാധാരണ സിഗരറ്റ് പാക്കറ്റുകളില്‍ കാണാം. ഇത്തരം മുന്നറിയിപ്പ് ഇല്ലാത്ത സിഗരറ്റ് ഇന്ത്യയില്‍ വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം. എന്നാല്‍, വ്യാജ സിഗരറ്റ് പാക്കുകളില്‍ ഈ മുന്നറിയിപ്പുണ്ടാകില്ല.
സിഗരറ്റ് പാക്കറ്റില്‍ അവയുടെ നിര്‍മാണ തീയതിയും ഉപയോഗ കാലയളവും നിര്‍മിച്ച കേന്ദ്രവും ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് 2 മാസമാണെന്നതിനാല്‍ ആണിത്. എന്നാല്‍, വ്യാജ സിഗരറ്റില്‍ വിലയോ നിര്‍മാണ തീയതിയോ നിര്‍മിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയില സാധാരണ പുകയിലയുടെ പലമടങ്ങ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha