കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല... ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല... ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല; കുമ്മനത്തിനെ തേച്ചോട്ടിച്ച് കടകംപള്ളി

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സര്‍ക്കാര്‍ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നെന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയതായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. 'അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീര്‍ഥാടകരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണ്. അത് നമുക്കെല്ലാം അറിയാം.
കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല. ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നു- എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. അതേസമയം, കോവിഡ് പോസിറ്റീവ് ആയവരെ അവര്‍ വരുന്ന വാഹനത്തില്‍ തന്നെ ശബരിമലയില്‍നിന്ന് തിരിച്ചയക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ തിരിച്ചയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അല്ലെങ്കില്‍ സര്‍ക്കാര്‍ അതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തിരികെ അയക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എഫ്.എല്‍.ടി.സികളിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. രണ്ട് കോവിഡ് ആശുപത്രികള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും താല്‍പര്യമുള്ളവര്‍ക്ക് അവിടെ ചികിത്സ തേടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒരു പോലീസ് സ്‌റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു. സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .
https://www.facebook.com/Malayalivartha