കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കാര്‍ അപകടത്തില്‍ മരിച്ചു

കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ.എം.അന്‍സാരി, ആലപ്പുഴ തോട്ടപ്പള്ളിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. പള്ളിമുക്ക് മേപ്പുറം കിടങ്ങാനഴികത്ത് എ.എം.അന്‍സാരി (58) യും കുടുംബവും സഞ്ചരിച്ച കാര്‍ ഇന്നലെ പുലര്‍ച്ചെ 4.30-ന് ദേശീയപാതയില്‍ തോട്ടപ്പള്ളി കിഴക്കേ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അന്‍സാരി സംഭവ സ്ഥലത്ത് മരിച്ചു.
ഗുരുതര പരുക്കേറ്റ അന്‍സാരിയുടെ സഹോദരിയുടെ മകന്‍ അന്‍വര്‍ഖാനെ (23) ആലപ്പുഴയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കു ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിപ്പോയ അന്‍സാരിയെയും അന്‍വര്‍ഖാനെയും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന അന്‍സാരിയുടെ മകന്‍ അന്‍സില്‍, അന്‍സാരിയുടെ ഭാര്യ സമീല, മകള്‍ ഫാത്തിമ എന്നിവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ഡിസിസി അംഗം, ഇരവിപുരം പഞ്ചായത്ത് മുന്‍ അംഗം, കോര്‍പറേഷന്‍ ആക്കോലില്‍ ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി, കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി, ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha