അതിബുദ്ധി വരുത്തിയ വിന... ഒരാവശ്യവുമില്ലാതെ സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആര്‍എസ്എസിനേയും കോണ്‍ഗ്രസിനേയും പ്രതിക്കൂട്ടിലാക്കി തോമസ് ഐസക് നടത്തിയ പത്രസമ്മേളനം തിരിച്ചടിക്കുന്നു; കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞ് തോമസ് ഐസക് വെല്ലുവിളിച്ചപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് ആറാം തിയതി സമര്‍പ്പിച്ചെന്ന് സിഎജി; പെട്ടുപോയ ഐസകിന് ഇനി വീണിടത്ത് കിടന്ന് ഉരുളുക മാത്രം രക്ഷ

സിപിഎമ്മിന്റെ അതി ബുദ്ധി കേന്ദ്രങ്ങളിലൊന്നാണ് ധനമന്ത്രി തോമസ് ഐസക്. എവിടേയും മിച്ചം പിടിച്ച് വയറ് മുറുക്കി താത്വിക ചിന്തകള്‍ പറയുന്ന തോമസ് ഐസക്കിനെതിരെ പണം നല്‍കാത്തതിനാല്‍ പല വകുപ്പുകള്‍ക്കും എതിരാണ്. എന്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ശമ്പളം പിടിക്കാനുള്ള ശ്രമം മുഖ്യമന്ത്രി ഇടപെട്ടാണ് തടഞ്ഞത്. ഇങ്ങനെ അതിബുദ്ധിയായുള്ള തോമസ് ഐസക് അതി ബുദ്ധികാരണം ഇപ്പോള്‍ പെട്ടുപോയിരിക്കുകയാണ്. ഈ ഇലക്ഷന്‍ പ്രഖ്യാപിച്ച സമയത്ത് ഉറങ്ങി കിടന്ന സിഎജിയെ വിളിച്ചുണര്‍ത്തേണ്ട വല്ലാ കാര്യമുണ്ടായിരുന്നോ.
മാത്രമല്ല ഒരു കാര്യവുമില്ലാതെ ആര്‍എസ്എസിനെ വലിച്ചിഴച്ച് വല്ലാത്തൊരു മുഖവും നല്‍കി. കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. ഇതിനായി തൃശൂര്‍ രാമനിലയത്തില്‍വെച്ച് ആര്‍.എസ്.എസ്. നേതാവ് രാം മാധവ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. സെക്രട്ടറിയും അഭിഭാഷകനുമായ മാത്യു കുഴല്‍നാടന് എതിരെയും ഐസക്ക് രൂക്ഷവിമര്‍ശനം നടത്തി. ബി.ജെ.പിയുടെ വക്കാലത്ത് എടുത്ത മാത്യു കുഴല്‍നാടനെ കെ.പി.സി.സി. സെക്രട്ടറിയായി ആവശ്യമുണ്ടോ എന്നും ഐസക്ക് ആരാഞ്ഞു.
എന്നാല്‍ അധികം വൈകാതെ തോമസ് ഐസക്കിന് തിരിച്ചടിയുണ്ടായി. തോമസ് ഐസക്കിന്റെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് കാര്‍ത്തികേയന്‍ രംഗത്തെത്തുകയും ചെയ്തു. രാം മാധവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് രഞ്ജിത്ത് കാര്‍ത്തികേയന്‍ വ്യക്തമാക്കി. അത് കളളമാണെന്ന് പറയേണ്ടി വരുമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. രാം മാധവുമായി ഞാന്‍ ആശയവിനിമയം നടത്തിയിട്ടില്ല. വിഷയത്തില്‍ രാഷ്ട്രീയമായ ഒരു മാനം കൈവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
എന്നാല്‍ രാത്രിയോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. സിഎജി സര്‍ക്കാരിന് നല്‍കിയത് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടെന്ന് സിഎജിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നതോടെ തോമസ് ഐസക് ശരിക്കും പെട്ടു. നവംബര്‍ 11ന് സിഎജി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റിപ്പോര്‍ട്ട് ആറാം തിയതി നല്‍കിയെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണെന്നും കുറുപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെ കരട് റിപ്പോര്‍ട്ടാണ് സിഎജി നല്‍കിയതെന്ന ധനമന്ത്രിയുടെ വാദം പൂര്‍ണ്ണമായും പൊളിയുകയാണ്.
നവംബര്‍ 14 ശനിയാഴ്ചയാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. കരട് റിപ്പോര്‍ട്ടല്ല ഇത് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടാണെന്ന് അന്ന് ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ധനമന്ത്രി ആവര്‍ത്തിച്ച് നിഷേധിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് ധനമന്ത്രി തന്നെ വിമര്‍ശിക്കുന്നത്. ഇത് ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷആരോപണം. എന്നാല്‍ കരട് റിപ്പോര്‍ട്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ധനമന്ത്രി. ഇക്കാര്യത്തില്‍ ഇന്ന് വിശദമായി പ്രതികരിക്കുമെന്നും ഡോ തോമസ് ഐസക്ക് വ്യക്തമാക്കി. പുറത്തിറങ്ങിയ സിഎജിയുടെ വാര്‍ത്താ കുറിപ്പ് നാട്ടില്‍ പാട്ടായതോടെ ഒരു മുഴം മുന്നേ എറിഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയ തോമസ് ഐസക്കിന്റെ അതി ബുദ്ധി വിനയായിരിക്കുകയാണ്. ഇനി എന്തുണ്ടാകുമെന്ന് കാണാം.
" f
https://www.facebook.com/Malayalivartha