ഇന്ന് നിര്‍ണായകം... ശിവശങ്കറും സ്വപ്നയും വേണുഗോപാലും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ ഏറ്റുമുട്ടി ശിവശങ്കറും ഇഡിയും; വാട്‌സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കി ആവശ്യമനുസരിച്ചു കഥകള്‍ മെനയുന്നുവെന്ന് ശിവശങ്കര്‍; തെളിവുകള്‍ നിരത്തി പൂട്ടാനുറച്ച് ഇഡി; ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്ന ഇന്ന് അതി നിര്‍ണായകം

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. അതേസമയം ജാമ്യം കിട്ടിയാല്‍ കസ്റ്റംസ് പൂട്ടുമോയെന്ന ചോദ്യവും ബാക്കിയായി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ റിമാന്‍ഡിലുള്ള ശിവശങ്കറിനെ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയാണു ചോദ്യം ചെയ്തത്. 2 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 5 മണിക്ക് അവസാനിച്ചു.
ഇന്നലെ ശിവശങ്കറിനെ ജയിലിലേക്ക് മാറ്റി. കൊച്ചി കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലെ രണ്ടാം നമ്പര്‍ ലോക്കപ്പില്‍ 3891-ാം നമ്പര്‍ റിമാന്‍ഡു പ്രതിയായാണ് എം.ശിവശങ്കര്‍. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ ഇന്നലെ രാവിലെയാണു ജയിലിലേക്കു മാറ്റിയത്.
അതേസമയം ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റുകളെ സംബന്ധിച്ച് ശക്തമായ ഏറ്റുടുട്ടലാണ് നടക്കുന്നത്. ശിവശങ്കറും സ്വപ്നയും വേണുഗോപാലും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കിയെന്നാണ് ശിവശങ്കര്‍ ആരോപിക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യങ്ങളുണ്ടെന്ന് ആരോപിച്ച് എം. ശിവശങ്കര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഓരോ ദിവസത്തെ ആവശ്യമനുസരിച്ചു ഇഡി കഥകള്‍ മെനയുന്നുവെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും.
ഇഡിക്ക് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതു കൊണ്ടാണു തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് പറയുന്നത്. കള്ളപ്പണത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നു വരുത്താന്‍, ലോക്കര്‍ സംബന്ധിച്ച വാട്‌സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കി.
ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെടുത്ത കള്ളപ്പണം മുഴുവന്‍ ലൈഫ് ഭവനപദ്ധതിയില്‍ തനിക്കു ലഭിച്ച കോഴയാണെന്നാണ് ഈ മാസം 11ന് ഇഡി പറഞ്ഞത്. യൂണിടാക്കും യുഎഇ കോണ്‍സുലേറ്റും ലൈഫ് ഭവനനിര്‍മാണ കരാര്‍ ഒപ്പിടുന്നത് 2019 ജൂലൈ 31ന് ആണ്. ലൈഫ് പദ്ധതിയില്‍ താന്‍ സിഇഒ ആയിരുന്നത് 2019 മാര്‍ച്ച് 3 മുതല്‍ ഒരു മാസത്തേക്കാണ്. ചുമതലയില്ലാത്ത ഓഫിസര്‍ക്ക് കോഴ നല്‍കിയെന്ന വാദം വിചിത്രമാണ്.
സ്വപ്നയുടെ ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയ ഒരു കോടിയിലേറ രൂപ സമാഹരിക്കാന്‍ താന്‍ സഹായിച്ചുവെന്നാണ് ഒക്ടോബര്‍ 28ന് അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഇഡി പറയുന്നത്. എന്നാല്‍, ഇതിനു തെളിവു ലഭിച്ചതായി, കസ്റ്റഡി നീട്ടാന്‍ ഈമാസം 5നു നല്‍കിയ അപേക്ഷയില്‍ പറയുന്നില്ല. ലോക്കറിലെ പണം മുഴുവന്‍ തനിക്കുള്ള കോഴപ്പണമാണെന്നാണ് ഈ മാസം 11ന് ഇഡി പറഞ്ഞത്. ഈ ചുവടുമാറ്റം അധാര്‍മികമാണ്.
സ്വര്‍ണം കടത്തിയ നയതന്ത്ര പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസിനെ വിളിച്ചിട്ടുണ്ടാകാം എന്നാണ് നേരത്തെ ഇഡി വാദിച്ചത്. കസ്റ്റംസിലെ ഏത് ഉന്നത ഉദ്യോഗസ്ഥനെയാണു വിളിച്ചതെന്നോ എന്ന്, ഏതു പാഴ്‌സലാണു കടത്തിവിടാന്‍ ആവശ്യപ്പെട്ടതെന്നോ പിന്നീടു നല്‍കിയ 2 റിപ്പോര്‍ട്ടുകളിലും പറഞ്ഞിട്ടില്ല.
അതേസമയം ശിവശങ്കറിന്റെ വാദങ്ങള്‍ പൊളിച്ചടുക്കാനുള്ള ശ്രമത്തിലാണ് ഇഡി. അന്നൊന്നും പറയാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അടവാണെന്നാണ് ഇഡി ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ശിവശങ്കറിന്റെ ജാമ്യം നിര്‍ണായകമാകും. ജാമ്യം ലഭിച്ചാല്‍ പിന്നെ അടുത്ത ഊഴം കസ്റ്റംസിന്റേതാകും. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം വരിക.
"
https://www.facebook.com/Malayalivartha