ഇനി രക്ഷയില്ല... ഇഡിക്കെതിരെ ചാറ്റുമായി ശിവശങ്കര്‍ ഏറ്റുമുട്ടുമ്പോള്‍ തെളിവുകള്‍ പുറത്താക്കി ഇഡി; ശിവശങ്കറെ കുടുക്കുന്നത് സ്വപ്‌നയുടെ ചാറ്റ്; ഇതു നയതന്ത്ര ബാഗേജാണ്, എന്റെ ജോലി പോകും എന്ന ചാറ്റ് കുരുക്കാകുന്നു; ശിവശങ്കറിന് ജാമ്യം ലഭിക്കാതിരിക്കാന്‍ ആഞ്ഞടിച്ച് ഇഡി

എന്‍ഫോഴ്‌സ്‌മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ശിവശങ്കറിന്റെ വാദം പൊളിയുകയാണ്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നതിനെപ്പറ്റി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നെന്നു തറപ്പിച്ചുപറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുവയ്ക്കുന്നത് 2019 ഏപ്രിലില്‍ സ്വപ്‌ന സുരേഷ് അദ്ദേഹത്തിനയച്ച വാട്ട്‌സ്ആപ്പ് സന്ദേശമാണ്. 'ഇറ്റ് ഈസ് ഡിപ്ലോമാറ്റിക് ബാഗേജ്. ഐ വില്‍ ലൂസ് മൈ ജോബ്. ഇറ്റ് ഈസ് വെരി സീരിയസ്' അതായത് അതു നയതന്ത്ര ബാഗേജാണ്. എന്റെ ജോലി പോകും. വിഷയം വളരെ ഗുരുതരമാണ്. എന്നായിരുന്നു സന്ദേശം.
അന്നു യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി എത്തിയ ബാഗേജ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചുവച്ചപ്പോഴാണു സ്വപ്‌ന പരിഭ്രാന്തയായി ശിവശങ്കറിനു സന്ദേശമയച്ചത്. അന്നത്തെ ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ജോലി പോകുമെന്നു സ്വപ്‌ന ആശങ്കപ്പെടുമായിരുന്നില്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. അതിനുള്ളില്‍ സ്വര്‍ണം ഉണ്ടായിരുന്നിരിക്കണം. അന്നു ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെ വിളിച്ചു ശിപാര്‍ശ ചെയ്‌തെന്നാണു സ്വപ്‌നയുടെ മൊഴി.
അന്നു താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ ഓഫീസറെയാണു വിളിച്ചതെന്നുമാണു ശിവശങ്കറും പറയുന്നത്. എന്നാല്‍, കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറുമായി നേരിട്ടല്ല, പരിചയക്കാരനായ മറ്റൊരു കസ്റ്റംസ് ഓഫീസര്‍ വഴിയാണു ശിവശങ്കര്‍ ബന്ധപ്പെട്ടതെന്നാണ് ഇ.ഡി. സംശയിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ 30 കിലോ സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നതും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പമായിരുന്നു. 20 തവണ സ്വര്‍ണം കടത്തിയതും അങ്ങനെയാണെന്നാണു സ്വപ്‌നയുടെ മൊഴി. നേരത്തേയും പ്രതികള്‍ക്കു സ്വര്‍ണക്കടത്തുണ്ടെന്നാണു വാട്ട്‌സ് ആപ്പ് ചാറ്റ് കാണിക്കുന്നത്. കസ്റ്റംസ് കഴിഞ്ഞ ജൂണ്‍ 30നു ബാഗേജ് തടഞ്ഞുവച്ചപ്പോഴും ശിവശങ്കറെയാണു സ്വപ്‌ന സഹായത്തിനു വിളിച്ചത്.
ലൈഫ് മിഷന്‍, കെ ഫോണ്‍, സ്മാര്‍ട് സിറ്റി പദ്ധതികളില്‍ ശിവശങ്കര്‍ ഇടപെട്ടതിനും കമ്മിഷന്‍ പറ്റിയതിനും സൂചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇ.ഡി. കോടതിയെ അറിയിക്കും. കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായി കേസെടുക്കുന്നതിന്റെ നിയമവശം ഇ.ഡി. പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്തു കേസും മറ്റു പദ്ധതികളും തമ്മില്‍ എന്താണു ബന്ധമെന്നു കോടതി ആരാഞ്ഞിരുന്നു.
അതേസമയം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. വാദം കേട്ട് വിധി പറയാന്‍ മാറ്റിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താന്‍ അറസ്റ്റിലായതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവശങ്കര്‍.
നാലുമണിക്കൂറോളം വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനായി ഇന്നത്തേക്ക് മാറ്റി വച്ചത്. ഇ.ഡി.ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ശക്തമായ വാദങ്ങളാണ് ശിവശങ്കറിനെതിരെ നിരത്തിയത്. ലോക്കറിലുള്ള പണം ശിവശങ്കറിന്റേതാണ്. സ്വപ്ന മുഖംമൂടി മാത്രമാണ്. എന്‍.ഐ.എ. കേസിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും പുതിയ കണ്ടെത്താലുകളാണെന്നും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മറ്റൊരു കേസിനെ ആശ്രയിച്ചല്ല ഇ.ഡി. കേസ് നിലനില്‍ക്കുകയെന്നും വാദിച്ചു. എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ ശിവശങ്കറിന്റെ വിധിയറിയാം.
"
https://www.facebook.com/Malayalivartha