എം. ശിവശങ്കര്‍ കളി തുടങ്ങി... തന്നെ നുള്ളിയും മാന്തിയും പിച്ചിയും വേദനിപ്പിച്ചവരോട് അദ്ദേഹം പകരം വീട്ടും; തന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ച ശേഷം ആദര്‍ശ പുണ്യാളന്‍മാരായി വിലസുന്ന നേതാക്കളെ അദ്ദേഹം കുരുതി കൊടുക്കുമോ?

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നു അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ ഇ ഡി അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് വിശദീകരണം.
കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു.
ഇ.ഡി ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേര് ചോദിക്കാനിടയില്ല. ഇ.ഡിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ശിവശങ്കര്‍ ആരുടെ പേരു പറഞ്ഞാലും ഇ ഡി ക്ക് അതില്‍ യാതൊരു കാര്യവുമില്ല . സി ബി ഐ അന്വേഷണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും സ്വാധീനമുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇ.ഡിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായി ഇതു വരെ ആരോപണം ഉയര്‍ന്നിട്ടില്ല.
അതെന്തായാലും ശിവശങ്കര്‍ നീങ്ങുന്നത് കരുതലോടെയാണ്. സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ സമര്‍പ്പിച്ചത് ഒരു ഭീഷണി കത്താണ്. താന്‍ ഇ.ഡി ക്ക് ആരുടെയെങ്കിലുമൊക്കെ പേര് പറഞ്ഞുകൊടുത്താല്‍ അവര്‍ കേസില്‍ പ്രതിയാകും. തന്നോട് കളിച്ചാല്‍ താന്‍ കളി പഠിപ്പിക്കും എന്ന തന്നെയാണ് ശിവശങ്കരിന്റെ സത്യവാങ് മൂലത്തിലെ ധ്വനി. ശിവശങ്കറിന്റെ വാദം തെറ്റാണെങ്കില്‍ പോലും അദ്ദേഹത്തില്‍ നിന്നും സഹായം പറ്റിയ പലരും സംശയമുനയിലും ഭീഷണിയിലുമായി തീര്‍ന്നു . ചുരുക്കത്തില്‍ ഡമോക്ലസിന്റെ വാള്‍ പോലെ ശിവശങ്കര്‍ സി പി എമ്മിന് മുകളില്‍ തൂങ്ങി നില്‍ക്കും.
സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. ഇവിടെ വേണുഗോപാലിനെതിരെയാണ് ശിവശങ്കര്‍ നീങ്ങുന്നത്. വേണുഗോപാല്‍ ശിവശങ്കറിന്റെ നോമിനി മാത്രമല്ലെന്ന് മുമ്പേ ആരോപണം ഉയര്‍ന്നിരുന്നതാണ്. സിപിഎം ഉന്നതനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്തു. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയത്. വൈകുന്നേരം അഞ്ചുമണി വരെ ചോദ്യം ചെയ്യാന്‍ മാത്രമേ കസ്റ്റംസിന് അനുമതിയുണ്ടായിരുന്നുള്ളു.
ഇതിനിടെ സ്വപ്ന സുരേഷിന്റെ കടം കണ്ട് ഇ ഡി കണ്ണുതള്ളിയ വാര്‍ത്തകളും പുറത്തുവന്നു. സ്വപ്നക്ക് തന്റെ മകളുടെ കോളേജ് ഫീസ് അടയ്ക്കാനുള്ള നിവൃത്തിയുണ്ടായിരുന്നില്ലെന്നാണ് ഇഡി കണ്ടെത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ധാരാളം ക്രിയവിക്രയങ്ങള്‍ നടത്തിയ സ്വപ്ന പക്ഷേ ബില്ലുകളില്‍ കുടിശിക വരുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്ത് വഴി സ്വപ്നക്ക് കോടികള്‍ കിട്ടിയെങ്കില്‍ ബില്ലുകളില്‍ എങ്ങനെ കുടിശിക യുണ്ടായി എന്നാണ് ഇ ഡിയുടെ സംശയം. അങ്ങനെയാണെങ്കില്‍ കോടികള്‍ ശിവശങ്കറിന്റേതാണെന്ന് ഇ ഡി സംശയിക്കുന്നു.
ശിവശങ്കറിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അതിലും വരവില്‍ കവിഞ്ഞ സമ്പാദ്യം വന്നു ചേര്‍ന്നിട്ടില്ല. എങ്കില്‍ ശിവശങ്കര്‍ എവിടെയാണ് കോടികള്‍ കൊണ്ടുപോയി ഒളിക്കുന്നത്? അതാണ് ഇ ഡിയുടെ സംശയങ്ങളുടെ അടിസ്ഥാനം. അപ്പോള്‍ ശിവശങ്കര്‍ കോഴ വാങ്ങിയ പണത്തിന്റെയെല്ലാം നാഥന്‍ മറ്റാരോ ആണ്. അത് കണ്ടു പിടിക്കും വരെ ഉറക്കമില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശിവശങ്കറിനെ ആരെങ്കിലും രക്ഷിക്കുമോന്ന് കണ്ടറിയാം. ഇല്ലെങ്കില്‍ ശിവശങ്കര്‍ തങ്ങളെ ശിക്ഷിച്ചെന്നിരിക്കും.
"
https://www.facebook.com/Malayalivartha