ട്രെയിന്‍ യാത്രക്കാരിയെ കൊള്ളയടിച്ച സംഭവം: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നു നിസാമുദ്ദീനിലേക്കു പോവുകയായിരുന്ന 02617 നമ്പര്‍ മംഗള എക്സ്പ്രസ് പ്രത്യേക ട്രെയിനിലെ യാത്രക്കാരിയെ കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ കേളകം അടയ്ക്കാത്തോടിനടുത്ത ശാന്തിഗിരി സ്വദേശി നിഖില്‍ കുമാറിനെ(27) ഉത്തര കന്നഡ കാര്‍വാറില്‍ റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി നിസാര്‍ രക്ഷപ്പെട്ടു.
യാത്രക്കാരിയുടെ സ്വര്‍ണ വള, താലിമാല, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും ആറായിരം രൂപയുമടക്കം മൊത്തം 2,20,000 രൂപ മൂല്യമുള്ള സാധനങ്ങളും താക്കോല്‍, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, മെഡിക്ലെയിം കാര്‍ഡ് തുടങ്ങിയവയും ഉണ്ടായിരുന്ന ബാഗാണ് കവര്‍ന്നത്. ഉഡുപ്പിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്നു യാത്രക്കാരി.
ബാഗ് നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവര്‍ ടിക്കറ്റ് പരിശോധകനെ (ടിടിഇ) വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മഡ്ഗാവ് ആര്‍പിഎഫ് ഇ്ന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഫോട്ടോ സഹിതം വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു.
ആര്‍പിഎഫ് സംഘം ട്രെയിനുകളില്‍ പരിശോധന ഊര്‍ജിതമാക്കി. 06345 നമ്പര്‍ നേത്രാവതി പ്രത്യേക എക്സ്പ്രസില്‍ 14-ന് പുലര്‍ച്ചെ കാര്‍വാര്‍ ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മൊബൈല്‍ ഫോണും പണവും ഒഴികെ മോഷ്ടിച്ച സാധനങ്ങള്‍ പ്രതിയില്‍ നിന്നു കണ്ടെടുത്തു.
മംഗള എക്സ്പ്രസിലെ കവര്‍ച്ചയ്ക്ക് ശേഷം മഡ്ഗാവില്‍ ഇറങ്ങി നേത്രാവതി എക്സ്പ്രസില്‍ നാട്ടിലേക്കു മടങ്ങവേയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നിസാര്‍ എന്നൊരാള്‍ കൂടി ഒപ്പമുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഭട്കലില്‍ വീണ്ടും ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അറസ്റ്റിലായ നിഖില്‍ കുമാറിനെ കൂടുതല്‍ അന്വേഷണത്തിനായി മഡ്ഗാവ് കൊങ്കണ്‍ റെയില്‍വേ പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha