പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസ്: 2 പേര്‍ പിടിയില്‍

കാസര്‍കോഡ് ചട്ടഞ്ചാല്‍ പട്രോളിങ്ങിനിടെ, ഒരു ക്വാര്‍ട്ടേഴ്‌സിന്റെ സമീപം കൂടി നില്‍ക്കുന്നവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ജീപ്പിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്ത സംഭവത്തില്‍ മേല്‍പറമ്പ് കൈനോത്തെ അബ്ദുല്‍ സലാം (38) വളളിയോട്ടെ ഇസ്മായില്‍ ഷമീം (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മേല്‍പറമ്പ് കീഴൂര്‍ റോഡിലായിരുന്നു സംഭവം. പൊലീസ് ആവശ്യപ്പെട്ടിട്ടും പോകാന്‍ തയാറാകാത്തവരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുന്നത് ചിലര്‍ തടഞ്ഞു. ഇതിനിടെ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ മേല്‍പറമ്പ് സിഐ സി.എല്‍. ബെന്നിലാലു ശ്രമിക്കുന്നതിനിടെ ഒരാളെത്തി തടയുകയും സിഐയുടെ മുഖത്തടിക്കുകയും ചെയ്ത ശേഷം പൊലീസ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തു കൊണ്ടു പോവുകയും ചെയ്തു.
ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. സിഐയെ കൂടാതെ എസ്‌ഐ കെ.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍ എ.വി.സിനു എന്നിവരെയാണ് ആക്രമിച്ചത്.
സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയത് 8 പേരടങ്ങിയ സംഘമാണെന്നും ബാക്കിയുള്ളവരെ പിടികൂടാനുണ്ടെന്നും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ആക്രമിച്ചവരില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
പരുക്കേല്‍പ്പിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha