പാലക്കാട്ട് പൈപ്പിലൂടെ ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മാര്‍ച്ച് അവസാനത്തോടെ കമ്മിഷന്‍ ചെയ്യും

പാലക്കാട് പാചകവാതകവും വാഹനങ്ങള്‍ക്ക് ഇന്ധനവും പൈപ്പിലൂടെ നല്‍കുന്ന സിറ്റി ഗ്യാസ് പദ്ധതി മാര്‍ച്ച് അവസാനത്തോടെ കമ്മിഷന്‍ ചെയ്യുമെന്ന് പ്രതീക്ഷ. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ല്‍) നേതൃത്വത്തിലുള്ള കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റനാട്- വാളയാര്‍- ബെംഗളൂരു പൈപ്പ് ലൈനിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കൂറ്റനാട് നിന്നു ബെംഗളൂരുവിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍ വാളയാര്‍ വരെയെത്തിയാല്‍ പാലക്കാട്ടു വാതകം ലഭിക്കും.
പൈപ്പ് ലൈന്‍ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയായ പല്ലൂര്‍, തുടര്‍ന്ന് വാണിയംകുളം, ലക്കിടി പേരൂര്‍, മുണ്ടൂര്‍, മലമ്പുഴ വഴിയാണു പൈപ്പ് ലൈന്‍ വാളയാറിലെത്തുന്നത്. കൂറ്റനാട് മുതല്‍ വാളയാര്‍ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. പ്രധാന ലൈനിന്റെ ഭാഗമായ കൂറ്റനാട് സ്റ്റേഷന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. മറ്റു സ്റ്റേഷനുകളുടെ നിര്‍മാണം ജനുവരിയോടെ പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണു ഗെയ്ല്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, കനാല്‍ തുറന്നു കൃഷിയിടങ്ങളിലേക്കു വെള്ളം വിട്ടുതുടങ്ങിയാല്‍ പണി വൈകും.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൈപ്പ് വഴി വാതകം എത്തിക്കുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്. ഗെയ്ല്‍ പൈപ്പ് ലൈനില്‍ മലമ്പുഴ കനാല്‍ പിരിവ് ഭാഗത്തു കണക്ടിവിറ്റി പോയിന്റ് (വാതകം കൈമാറാനുള്ള സ്ഥലം) സ്ഥാപിച്ചാണു സിറ്റി ഗ്യാസ് പദ്ധതിക്കായി വാതകം എത്തിക്കുക. പാലക്കാട് നഗരപരിധിയിലായിരിക്കും തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 4 ഗ്യാസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അദാനി ഗ്രൂപ്പിനാണു വിതരണത്തിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്.
കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതിയുടെ പണിയും പുരോഗമിക്കുകയാണ്. റോഡ് മാര്‍ഗമുള്ള പാചകവാതക നീക്കം ഒഴിവാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി) ഭാരത് പെട്രോളിയവും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. 2022 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണു പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശം.
വന്‍തോതിലുള്ള വാതക നീക്കത്തിനായി ഉപയോഗിക്കുന്ന ബുള്ളറ്റ് ടാങ്കറുകള്‍ ഒട്ടേറെ അപകടങ്ങളാണു സൃഷ്ടിക്കുന്നത്. കൊച്ചി പുതുവൈപ്പില്‍ സ്ഥാപിക്കുന്ന ഇറക്കുമതി ടെര്‍മിനലില്‍ നിന്നു കൊച്ചി- സേലം പൈപ്പ് ലൈനിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും വാതകം എത്തിക്കാനും കഴിയും.
https://www.facebook.com/Malayalivartha