ശബ്ദരേഖയിലെ ആ പരാമര്‍ശം ഇനി എല്ലാം പറയും... സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം പുറത്ത്!

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണകള്ളക്കടത്തില്‍ പ്രതിയായ സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തു വന്ന ശബ്ദരേഖ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തതു സമീപ ദിവസങ്ങളിലല്ലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനമെന്ന് പുറത്ത് വരുന്നത്.
ഇഡിയുടെ കസ്റ്റഡി അവസാനിച്ച ഓഗസ്റ്റ് 17നു സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന്‍ ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു. 'ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്….'എന്ന ശബ്ദരേഖയിലെ പരാമര്‍ശമാണ് ഇത്തരം ഒരു നിഗമനത്തിനു നിര്‍ണായകമാകുക. ജയില്‍വകുപ്പു നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
എന്നാൽ സ്വപ്‌ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവം ഇനി ക്രൈം ബ്രാഞ്ചാകും അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയായിരുന്നു അറിയിച്ചത്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു മുമ്പ് പോലീസ് എത്തിച്ചേര്‍ന്നിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ കത്ത് ജയില്‍ വകുപ്പ് പോലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.
ജയില്‍വകുപ്പ് മേധാവി ഋഷിരാജ് സിങ്ങാണ് കത്ത് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയത്. ഇ.ഡി. ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയിട്ടുള്ളത്. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ജയില്‍ വകുപ്പും പോലീസും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കത്ത് ലഭിച്ചകാര്യം ജയില്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി സ്വപ്‌ന പറയുന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് ദുരൂഹമാണ്. സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. ഇ.ഡിയെക്കുറിച്ച് ശബ്ദരേഖയില്‍ ഇല്ലെങ്കിലും ഇ.ഡി. അന്വേഷണസംഘം നിര്‍ബന്ധിച്ചു എന്നരീതിയിലാണ് വാര്‍ത്ത വന്നത്.
ഈ സംഭവം നിലവില്‍ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാനെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചിരുന്നത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുമെന്നും ഇഡി വ്യക്തമാക്കി. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ക്രിമിനല്‍ കുറ്റമായതിനാല്‍ നേരിട്ട് നടപടി സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും എന്‍ഫോഴ്‌സമെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാല്‍ വിഷയത്തില്‍ കസ്റ്റംസും അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha