16 വര്‍ഷത്തിനിടെ അരങ്ങേറിയ ക്രൂരമായ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും : ഇരകളായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും

1998-2014 കാലഘട്ടത്തില്‍ അരങ്ങേറിയ ക്രൂരമായ ലൈംഗിക പീഡനങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. കര്‍ണാടകയിലെ ധര്‍മസ്ഥലയിലും പരിസരപ്രദേശങ്ങളിലുമായി ബലാത്സംഗങ്ങള്‍ അരങ്ങേറിയത്. 16 വര്‍ഷത്തിനിടെ ഇരകളായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ഇരകളുടെ മൃതദേഹങ്ങള്‍ പുറംലോകം അറിയാതെ കുഴിച്ച് മൂടാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവരങ്ങള്‍ കൈമാറിയ ആളുടെ വിവരങ്ങള്‍ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയാണ് കര്‍ണാടക പൊലീസ്. വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നാല്‍ അത് അയാളുടെ ജീവന് പോലും ആപത്താണെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ജോലി ചെയ്തിരുന്ന കാലത്ത് തന്നെ താന്‍ ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിക്കാനും പരാതി പറയാനും തയ്യാറായിരുന്നുവെന്നും എന്നാല്‍ കടുത്ത ഭീഷണിയും മര്‍ദ്ദനവും കാരണം ഭയന്ന് പിന്‍മാറുകയായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാള്‍ പൊലീസിനെ സമീപിച്ചത്.
വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ തന്റെ സൂപ്പര്‍വൈസറാണ് ഉത്തരവിട്ടിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. യൂണിഫോമും ബാഗും സഹിതമുള്ള മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. നിരവധി യുവതികളുടെ മൃതദേഹങ്ങള്‍ നഗ്‌നമായിരുന്നു, മുങ്ങി മരണമോ അപകട മരണമോ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചില മൃതദേഹങ്ങളിലെ മുറിവുകളാണ് തനിക്ക് സംശയം തോന്നാന്‍ കാരണമെന്നും തൊഴിലാളി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha