ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായി ഗോപാല്‍ ഖേംക കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബിഹാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ബിഹാറിലെ പ്രമുഖ വ്യവസായി ആയിരുന്ന ഗോപാല്‍ ഖേംക വെള്ളിയാഴ്ചയാണ് സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും രാഹുല്‍ ബിഹാറിലെ ജനങ്ങളോടു പറഞ്ഞു. ഇത് സര്‍ക്കാരിനെ മാറ്റാനുള്ള തിരഞ്ഞെടുപ്പ് അല്ലെന്നും പകരം ബിഹാറിനെ രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. 'ബിഹാറിലെ സഹോദരീസഹോരന്മാരേ, ഈ അനീതി ഇനിയും പൊറുക്കാനാകില്ല. നിങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് നിങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല. മാറ്റത്തിനുവേണ്ടിയുള്ള കരച്ചിലാണ് ഓരോ കൊലപാതകവും ഓരോ കൊള്ളയും ഓരോ വെടിയുണ്ടകളും', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന കൊലപാതകം, നിതീഷ് കുമാര്‍ സര്‍ക്കാരിനും ബിജെപിക്കും വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെചൂണ്ടി ആര്‍ജെഡിയും കോണ്‍ഗ്രസും ഇതിനകം തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുമുണ്ട്. മഗധ് ആശുപത്രിയുടെ ഉടമയായ ഖേംക, നിരവധി പെട്രോള്‍ പമ്പുകളുടെയും ഉടമയായിരുന്നു.
ഖേംകയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട അക്രമിയെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ മകനും ഏഴുകൊല്ലംമുന്‍പ് കൊല്ലപ്പെട്ടിരുന്നു. സ്വത്തുതര്‍ക്കത്തിന് പിന്നാലെയായിരുന്നു ഇതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഖേംകയുടെ കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha