മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും

പാലക്കാട് മേനോന്‍ പാറയിലെ മലബാര്‍ ഡിസ്റ്റിലറിയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ബോട്ട്‌ലിംഗ് ലൈന്‍ ആണ് സ്ഥാപിക്കുന്നത്. നിലവില്‍ തിരുവല്ല ട്രാവന്‍കൂര്‍ ഡിസ്റ്റിലറിയില്‍ നാല് ലൈനാണ് ഉള്ളത്.
മലബാര്‍ ഡിസ്റ്റിലറിയില്‍ ഒരു ദിവസം 13,500 കേസ് അഥവാ 1,21,500 ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 125 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ബോട്ട്‌ലിംഗ് യൂണിറ്റിലാകും ജോലി. നിലവിലുള്ള മുപ്പതോളം ജീവനക്കാരുണ്ട്. ലോഡിംഗ് അണ്‍ലോഡിംഗ് തൊഴിലാളികളുള്‍പ്പെടെ ആകെ 250ഓളം തൊഴില്‍ സൃഷ്ടിക്കപ്പെടും.
കേരള ഇലക്ട്രിക് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. കമ്പനിയില്‍ ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയില്‍ പഴവര്‍ഗങ്ങളില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.
കമ്പനിയില്‍ മഴവെള്ള സംഭരണിയും സ്ഥാപിക്കും. പാലക്കാട് ജില്ലയുടെ വ്യവസായക്കുതിപ്പിനു ഊര്‍ജമേകുന്ന പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024 ജൂലായ് 10 ന് ഭരണാനുമതിയും 2025 മാര്‍ച്ച് 28 ന് സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണോദ്ഘടനമാണ് നാളെ നടക്കുന്നത്.
നാളെ രാവിലെ 11.30 ന് എം ബി രാജേഷ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനാവും. എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, കെ.രാധാകൃഷ്ണന്‍, എ. പ്രഭാകരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, മലബാര്‍ ഡിസ്റ്റിലറീസ് സി.എം.ഡി ഹര്‍ഷിത അട്ടല്ലൂരി തുടങ്ങിയവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha